22 November Friday

അർജുനെ കാണാതായിട്ട്‌ ഇന്ന്‌ ഒരാഴ്ച; തിരച്ചിലിനായി അത്യാധുനിക സംവിധാനങ്ങൾ എത്തിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

അങ്കോള> കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക്‌. കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധിക്കും. അത്യാധുനിക സംവിധാനമായ ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ്‌ രക്ഷാപ്രവർത്തനങ്ങൾ. അതിനായുള്ള എല്ലാ സഹായങ്ങളും നാവികസേന നൽകും. സൈന്യത്തിന്റെ മേല്‍നോട്ടത്തിലാകും രക്ഷാദൗത്യം നടക്കുക.

മണ്ണ് ഇടിഞ്ഞിടത്ത് ലോറി ഇല്ലെന്ന് പൂര്‍ണമായും ഉറപ്പാക്കിയ ശേഷം മാത്രമേ ഈ ഭാഗത്തെ പരിശോധന നിര്‍ത്തുകയുള്ളൂവെന്ന്‌ അധികൃതർ പറഞ്ഞു. എന്നാൽ ഉത്തര കർണാടകയിൽ അതി ശക്തമായി തുടരുന്ന  മഴ   രക്ഷാപ്രവർത്തനങ്ങളൈ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. മഴയെ തുടർന്ന്‌ പ്രദേശത്ത്‌ റെഡ്‌ അലേർട്ട്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

അർജുനെ കൂടാതെ രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. നിലവിൽ ഏഴു പേരുടെ മൃതദേഹം കണ്ടെടുത്തു. റോഡിൽ മണ്ണിടിഞ്ഞ സ്ഥലത്ത് ട്രക്കിന്റെ റഡാർ സിഗ്നലെന്ന് കരുതിയ ഭാഗത്തെ 90 ശതമാനം മണ്ണും നീക്കിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്‌ണ ബൈര ഗൗഡ വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യക്കൊപ്പം ഞായർ വൈകിട്ട് മൂന്നരക്ക് മന്ത്രി ബൈര ഗൗഡയും സ്ഥലം സന്ദർശിച്ചു.
 
പുഴയിലെ തിരച്ചിലിന് പുണെ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ്‌ ഡിപ് സെർച്ച് ഡിറ്റക്ടർ റഡാർ എത്തിക്കുക. കരയിലും പുഴയിലും തിരച്ചിൽ നടത്തുന്ന തരം റഡാറാണിത്. കരയിൽ മണ്ണ് നീക്കിത്തീരുംമുമ്പേ നാവിക, കരസേനാംഗങ്ങളും  എൻഡിആർഎഫും  ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. അതിശക്തമായ മഴയെ തുടർന്ന് നാലരയോടെ ഇവർ തിരിച്ചു കയറി.

40 ടൺ ഭാരമുള്ള ഭാരത്‌ ബെൻസ്‌ ട്രക്ക് പുഴയിലേക്ക് വീണിട്ടുണ്ടാകില്ലെന്ന നിഗമനത്തിലാണ് ആറുദിവസവും കരയിൽ തിരച്ചിൽ നടത്തിയത്.  വ്യാഴം  ഉച്ചവരെ നേവി പുഴയിൽ തിരഞ്ഞെങ്കിലും ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. അര കിലോമീറ്റർ വീതിയുള്ള പുഴയുടെ മധ്യഭാഗത്ത് മണ്ണ് നിറഞ്ഞ് തുരുത്ത് രൂപപ്പെട്ടിട്ടുണ്ട്. അതിനടിയിൽ തിരയണമെങ്കിൽ വലിയ സന്നാഹം വേണം. പുഴയ്‌ക്ക് അക്കരെ ഉളുവാർ എന്ന പ്രദേശത്തെ ആറ് വീടും മണ്ണിടിഞ്ഞ്‌ തകർന്നിരുന്നു. അവിടെയുള്ള ഒരാളെയും കാണാതായിട്ടുണ്ട്.

അര്‍ജുനെ രക്ഷിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌  നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.  അഡ്വക്കറ്റ് ഓണ്‍ റെക്കോഡ് കെ ആര്‍ സുഭാഷ് ചന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ്‌ ഹര്‍ജി  ഉന്നയിക്കുക.  രക്ഷാപ്രവർത്തനത്തിനുവേണ്ടി അടിയന്തിരമായി സൈന്യത്തിന്റെ  ഇടപെടല്‍ നടത്തണമെന്നാണ്‌ പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top