ഹൈദരാബാദ് > തെലുങ്ക് നടൻ അല്ലു അർജുന്റെ വീടിന് നേരേ ആക്രമണം. പുഷ്പ 2 സ്ക്രീനിങ്ങിനിടെ തിയറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ച രേവതിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണമുണ്ടായത്. വീടിന് ഉളളിലേക്ക് ഒരു സംഘം ആളുകൾ അതിക്രമിച്ച് കയറുകയായിരുന്നു. പിന്നീട് വീടിന് നേരെ തക്കാളികളെറിഞ്ഞു. ഇത് തടയാനെത്തിയ സുരക്ഷാ ജീവനക്കാരെ സംഘം കയ്യേറ്റം ചെയ്തു. നീതി നടപ്പാക്കണമെന്ന് മുദ്രാവാക്യം വിളിച്ചാണ് സംഘമെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഡിസംബർ നാലിന് പൊലീസ് അനുമതി നിഷേധിച്ചിട്ടും സന്ധ്യ തിയറ്ററിൽ നടന്ന 'പുഷ്പ 2' ചിത്രത്തിന്റെ പ്രീമിയർ ഷോയിൽ നടൻ പങ്കെടുത്തുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിയമസഭയിൽ പറഞ്ഞതിന് പിന്നാലെ അല്ലു അർജുൻ ഇന്നലെ പ്രതികരണം അറിയിച്ചിരുന്നു. തീയറ്ററിൽ പോയത് അനുമതിയോടെയാണെന്നും പൊലീസ് വിലക്കിയിട്ടില്ലെന്നും അല്ലു അർജുൻ പറഞ്ഞു. സംഭവത്തിൽ വ്യക്തിഹത്യ നടക്കുന്നതായും മനഃപൂർവം അപമാനിക്കുന്നതായും നടൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് അല്ലു അർജുന്റെ വീടിന് നേരേ ആക്രമണമുണ്ടായത്.
ഡിസംബർ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..