ഷിരൂർ > ഷിരൂർ മണ്ണിടിച്ചലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഓടിച്ചിരുന്ന ട്രക്കിലുണ്ടായിരുന്ന കയർ കണ്ടെത്തി. തടി കെട്ടിയ കയറാണ് കണ്ടെത്തിയത്. ഗംഗാവലി പുഴയിൽ മുങ്ങൽ നേവി നടത്തിയ തിരച്ചിലിലാണ് കയർ കണ്ടെത്തിയത്. കയർ ലോറിയിലുണ്ടായിരുന്നത് തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.
അതേ സമയം പുഴയിൽ നിന്ന് കണ്ടെത്തിയ ലോഹഭാഗം ലോറിയുടേതല്ലെന്നും മനാഫ് പറഞ്ഞു. രാവിലെ 8.50 നു തുടങ്ങിയ തിരിച്ചിലിൽ സ്ക്രൂ പിൻ കണ്ടെത്തിയിരുന്നു. എന്നാൽ അതും അർജുൻ ഓടിച്ച ലോറിയുടേതായിരുന്നില്ല. ചൊവ്വാഴ്‌ചത്തെ പരിശോധനയില്‍ പുഴയുടെ അടിത്തട്ടില്‍ നിന്ന് ലോറിയുടെ ചില ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. വീൽ ജാക്കിയും ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളുമാണ് ചൊവ്വാഴ്‌ചത്തെ തിരച്ചിലിൽ കണ്ടെത്തിയത്.
ഗംഗാവലി പുഴയിൽ പരിശോധന തുടരുകയാണ്. രണ്ട് ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. നേവിയോടൊപ്പം മുങ്ങൽ വിദഗ്‌ദൻ ഈശ്വർ മാൽപെയും തിരച്ചിൽ നടത്തുന്നുണ്ട്. ഈശ്വർ മാൽപെയായിരുന്നു ചൊവ്വാഴ്‌ച ജാക്കി കണ്ടെത്തിയത്.
ജൂലായ് 16-ന് രാവിലെയാണ് കർണാടക-ഗോവ അതിർത്തിയിലൂടെ പോവുകയായിരുന്ന അർജുൻ (30) അപകടത്തിൽപ്പെട്ടത്. പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..