പിടിച്ചു നിർത്താനാവാതെ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച എക്കാലത്തെയും ശോചനീയാവസ്ഥയിൽ തുടരുന്നു. സെപ്തംബർ മുതൽ തന്നെ ഗുരുതരാവസ്ഥ വെളിപ്പെട്ടിട്ടും കേന്ദ്ര സർക്കാരിന് ഫലപ്രദമായി ഇടപെടാൻ കഴിയാത്ത സാഹചര്യം തുടരുന്നു.
തിങ്കളാഴ്ച വ്യാപാരത്തിനിടെ നാലു പൈസയുടെ നഷ്ടം രേഖപ്പെടുത്തി വീണ്ടും ഇടിവ് കാണിച്ചു. 84.76 എന്ന റെക്കോർഡ് താഴ്ചയിലേക്കാണ് കൂപ്പുകുത്തിയത്. 13 പൈസയുടെ നഷ്ടത്തോടെ 84.72 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്.
തുടരുന്ന തകർച്ച, കൂപ്പുകുത്തി സർക്കാർ നയങ്ങൾ
കഴിഞ്ഞ സെപ്റ്റംബർ 12ന് 83 രൂപ 98 പൈസയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു. ഇത് റെക്കോഡ് ഇടിവായിരുന്നു. പ്രതിരോധിക്കാനാവാതെ ഒക്ടോബറിൽ ഇത് വീണ്ടും ഇടിഞ്ഞ് മൂല്യം ഒരു ഡോളറിന് 84.0975 രൂപയായി താഴ്ന്നു. ഒരു ദിർഹത്തിന് 22 രൂപ 90 പൈസയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു.
രാജ്യത്തെ വളർച്ചാ നിരക്ക് കുറയുന്നതും വിദേശനിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരിവിപണിയിൽ നിന്നും വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതും പ്രവണതയായി. വെള്ളിയാഴ്ച 84.49 രൂപയായിരുന്നു നിരക്ക്. നവംബറിൽ മാത്രം ഡോളറിന് എതിരെ 0.48 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നുതുടങ്ങിയതിനു പിന്നാലെ രൂപയുടെ തകർച്ച കാണിച്ച് തുടങ്ങിയിരുന്നു. അന്ന് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 84.23 ആയി.
ഒരു ഡോളര്‍ ലഭിക്കാന്‍ ഇപ്പോൾ 84.72 ഇന്ത്യന്‍ രൂപ നല്കണം. യുഎഇ ദിർഹം കൂടാതെ മറ്റ് ഗൾഫ് കറൻസികൾക്കെതിരെയും രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നിട്ടുണ്ട്. ഇതോടെ വിദേശ ഇന്ത്യക്കാർ രാജ്യത്തേക്ക് പണം അയക്കുന്നത് വർധിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു ദിർഹം നൽകിയാൽ 25 രൂപയിലധികം ലഭിക്കും.
സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രതികൂലമായ പഠന റിപ്പോർട്ടുകളും ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഉൽപാദന മേഖല നവംബറില്‍ 11 മാസത്തെ താഴ്ന്ന നിലയില്‍ എത്തിയിരുന്നു. ഇതിനെതിരായ നടപടികൾ ഫലം കാണാതെ പോകുന്ന സാഹചര്യവുമാണ്. ഓഹരിവിപണിയിൽ ഉണർവ്വ് പ്രകടമായി തുടങ്ങിയതാണ് തകർച്ചയ്ക്ക് എതിരായ ഇപ്പോഴത്തെ പ്രതീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..