ന്യൂഡൽഹി
റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്‌ക്ക് കിട്ടുന്ന ക്രൂഡ് എണ്ണ ശുദ്ധീകരിച്ച് യൂറോപ്പിൽ മറിച്ചുവിറ്റ് ലക്ഷം കോടിരൂപയുടെ ലാഭമുണ്ടാക്കി റിലയൻസ് അടക്കമുള്ള എണ്ണക്കമ്പനികൾ. കുറഞ്ഞവിലയ്‌ക്ക് ഇന്ത്യക്കാർക്ക് കിട്ടുമായിരുന്ന പെട്രോളും ഡീസലുമാണ് കൂടിയ വിലയ്‌ക്ക് യൂറോപ്യൻ രാജ്യങ്ങൾക്ക് നൽകി കമ്പനികൾ കോടികൾ കൊയ്യുന്നത്. മോദി സര്‍ക്കാര്‍ ഇടപെടാതെ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നു.
ഉക്രയ്‌ൻ സംഘർഷത്തെതുടർന്ന് പാശ്ചാത്യരാജ്യങ്ങൾ റഷ്യൻ എണ്ണയ്‌ക്ക് ഉപരോധം ഏർപെടുത്തിയിരുന്നു. തുടർന്ന് വില കുറച്ച് ഇന്ത്യയ്‌ക്ക് എണ്ണ നൽകാമെന്ന് റഷ്യ സമ്മതിച്ചു. ഈ എണ്ണ വാങ്ങി ഇന്ത്യയിൽ ശുദ്ധീകരിച്ച് എണ്ണ ഉൽപന്നങ്ങൾ റഷ്യൻ എണ്ണയ്‌ക്ക് ഉപരോധമുള്ള യൂറോപ്യൻ രാജ്യങ്ങൾക്ക് തന്നെ മറിച്ചുവിൽക്കുകയാണ്. ഉക്രയ്‌ൻ സംഘർഷം ആരംഭിച്ച 2022 മുതൽ ഈ വർഷം മെയ് വരെ ഈ വിൽപന വഴി എണ്ണകമ്പനികൾ 88,200 കോടി രൂപ ലാഭം നേടിയതയാണ് പഠന റിപ്പോർട്ടുകൾ. സെപ്തംബര്‍ വരെയുള്ള കണക്കില്‍ ലാഭം ലക്ഷം കോടി കവിയും. 2023-–-24 സാമ്പത്തിക വർഷം മാത്രം 45,612 കോടി ലാഭിച്ചെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് കൊമേഴ്‌സ്യൽ ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ഡിജിസിഐഎസ്) കണക്ക്. 60 ലിറ്ററുള്ള വീപ്പയ്‌ക്ക് പുറത്തുനിന്ന് വാങ്ങുന്നതിനേക്കാൾ ശരാശരി 9 ഡോളർ കുറച്ചാണ് റഷ്യ നൽകുന്നത്. ഇത് ഉപയോഗിച്ചുണ്ടാക്കുന്ന പെട്രോളും ഡീസലും നിലവിലുള്ള വിലയേക്കാൾ കുറഞ്ഞത് 6 രൂപയെങ്കിലും കുറച്ച് ഇന്ത്യയിൽ വിൽക്കാനാകുമായിരുന്നു. ഇന്ത്യക്കാർക്ക് ലഭിക്കേണ്ട ഈ അവകാശമാണ് കമ്പനികൾ മറിച്ചുവിൽക്കുന്നത്.
റിലയൻസ്, നയാര എന്നീ സ്വകാര്യ ഭീമന്മാരും ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നി പൊതുമേഖലാ കമ്പനികളും ചേർന്ന് പ്രതിദിനം 3,60,000 വീപ്പ ശുദ്ധീകരിച്ച എണ്ണ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നതായാണ് അന്തർദേശീയ വ്യാപാരങ്ങൾ നിരീക്ഷിക്കുന്ന ‘കെപ്ലർ’ പറയുന്നു. വാണിജ്യ-മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2018-–19 വർഷത്തെ അപേക്ഷിച്ച് 2023-–-24 സാമ്പത്തിക വർഷം യൂറോപ്പിലേക്കുള്ള എണ്ണ കയറ്റുമതി 250 ശതമാനം വർധിച്ചു. നെതർലൻഡ്‌സാണ് ശുദ്ധീകരിച്ച ഇന്ത്യൻ എണ്ണയുടെ യൂറോപ്പിലെ ഏറ്റവും വലിയ ഗുണഭോക്താവ്. -ഈ വർഷം 1.72ലക്ഷം കോടിയുടെ 2.47 കോടി വീപ്പ എണ്ണ നെതർലൻഡ്‌സിലെത്തി. ഇതുകൂടാതെ 17 രാജ്യങ്ങളും ഇന്ത്യയിൽനിന്ന് എണ്ണ വാങ്ങുന്നു. സൗദി അറേബ്യയെ മറികടന്ന് യൂറോപ്പിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യമാറി.
ഇതിനിടെ അമേരിക്കൻ ഉപരോധം നേരിടുന്ന വെനസ്വേലയിൽനിന്ന് അസംസ്‌കൃത എണ്ണ വാങ്ങാൻ റിലയൻസിന് അമേരിക്ക അനുമതി നൽകിയിട്ടുണ്ട്. സെപ്‌തംബറിൽ ആദ്യ കപ്പൽ ഇന്ത്യയിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..