ന്യൂഡൽഹി> ഉത്തർപ്രദേശിലെ സംഭലിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഷാഹി ജുമാ മസ്ജിദ്, ക്ഷേത്രം തകർത്ത് സ്ഥാപിച്ചതാണോയെന്ന് പരിശോധിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചവർക്കെതിരായ പൊലീസ് വെടിവയ്‌പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. പ്രതിഷേധവുമായെത്തിയ സ്ഥലവാസികൾക്കെതിരെ വെടിയുതിർത്ത പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്‌തു. നിരവധി പ്രതിഷേധക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റു. പത്തിലേറെ വാഹനം കത്തിച്ചു. മുഹമ്മദ് ബിലാൽ അൻസാരി (25), നയീം (28), നൊമാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംരക്ഷിത സ്‌മാരകമായ മസ്‌ജിദ് മുമ്പ് ക്ഷേത്രമായിരുന്നെന്ന് വാദിക്കുന്ന സംഘപരിവാറുകാരുടെ ഹർജി പരിഗണിച്ച് സംഭൽ സിവിൽ കോടതിയാണ് സർവേയ്‌ക്ക് ഉത്തരവിട്ടത്. ചൊവ്വാഴ്‌ച ഫയൽചെയ്‌ത പരാതി കോടതി അന്നുതന്നെ പരിഗണിച്ച് അഭിഭാഷകൻ രമേഷ് രാഘവിനെ അഡ്വക്കേറ്റ് കമീഷനായി നിയമിച്ചു. 29നകം റിപ്പോർട്ട് നൽകാനും നിർദേശിച്ചു. മണിക്കൂറുകൾക്കകം സർവേ തുടങ്ങി. ഞായറാഴ്‌ച രാവിലെ ഏഴോടെ വൻ പൊലീസ് സന്നാഹവുമായി രണ്ടാംഘട്ട സർവേ നടത്താൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.
പൊലീസ് മസ്‌ജിദിൽ കയറുന്നത് ചോദ്യംചെയ്‌തതോടെ സംഘർഷമായി. സർവേ സംഘത്തെ അനുഗമിച്ച സംഘപരിവാർ അനുകൂലികളും പ്രതിഷേധക്കാരും പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. കല്ലേറിൽ എഡിഎമ്മിനും പൊലീസുകാർക്കും അടക്കം മുപ്പതോളം പേർക്ക് പരിക്കേറ്റു. മൂന്ന് സ്‌ത്രീകളടക്കം 15 പേരെ അറസ്റ്റ് ചെയ്‌തെന്ന് എസ്‌പി കൃഷ്‌ണകുമാർ ബിഷ്‌ണോയ് പറഞ്ഞു. പ്രതിഷേധത്തിനിടെ സർവേ പൂർത്തിയാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..