ന്യൂഡൽഹി
ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്‌ജിദിൽ കനത്ത സുരക്ഷയിൽ നിസ്‌കാരം നടന്നു. മസ്‌ജിദ് ക്ഷേത്രം തകര്‍ത്ത് സ്ഥാപിച്ചതാണെന്ന സംഘപരിവാറുകാരുടെ ഹർജിയിൽ നടന്ന സർവേക്കിടെയുണ്ടായ വെടിവയ്‌പിൽ അഞ്ച് മുസ്ലിം യുവാക്കൾ കൊല്ലപ്പെട്ടതിനുശേഷമുള്ള ആദ്യ വെള്ളിയാഴ്‌ചയായിരുന്നു ഇന്നലെ.
മസ്‌ജിദിലേയ്‌ക്കുള്ള എല്ലാ വഴിയിലും പൊലീസിനെയും ദ്രുതകർമസേനയേയും വിന്യസിച്ചു. സമീപത്തെ വീടുകളുടെ മേൽക്കൂരയിലും പൊലീസുകാർ നിലയുറപ്പിച്ചു. അധിക സിസിടിവി കാമറകളും സ്ഥാപിച്ചു. പൊലീസ് ഫ്ലാഗ് മാർച്ചും നടത്തി. പ്രദേശവാസികൾക്ക് മാത്രമാണ് നിസ്‌കാരത്തിന് അനുമതിയുണ്ടായിരുന്നത്. എല്ലാം സമാധാനപരമായിരുന്നെന്ന് മൊറാദാബാദ് ഡിവിഷണൽ കമീഷണർ ആഞ്ജനേയ കുമാർ സിങ് പറഞ്ഞു. കലാപത്തിന് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തപ്പെട്ട സമാജ്‌വാദി പാർടി എംപി സിയാവുർ റഹ്മാൻ ബർക്കിന്റെ പിതാവ്, പൊലീസ് നാടൻ തോക്ക് ഉപയോഗിച്ചെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയ മസ്‌ജിദ് കമ്മിറ്റി ചെയർമാൻ സഫര്‍ അലിയും പങ്കെടുത്തു. പകൽ നാലോടെ നഗരത്തിലെ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചു. അതിനിടെ പൊലീസിനെതിരെ പരാതി നൽകരുതെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ചില പ്രദേശവാസികൾ രംഗത്തെത്തി. ശനിയാഴ്‌ച സമാജ്‌വാദി പാർടി പ്രതിനിധി സംഘം സംഭലിൽ എത്തും.
ജുഡീഷ്യൽ
കമീഷനെ നിയമിച്ചു
സംഭലിൽ ഉണ്ടായ കല്ലേറും സംഘർഷവും തുടർന്നുള്ള മരണവും അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമീഷനെ യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ നിയമിച്ചു. അലഹബാദ് ഹൈക്കോടതി മുൻ ജഡ്‌ജി ദേവേന്ദ്ര കുമാറിന്റെ നേതൃത്വത്തിലാണ് കമീഷൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..