26 December Thursday

മസ്‌ജിദ്‌ ക്ഷേത്രമാണോയെന്ന 
പരിശോധനക്കിടെ സംഘർഷം: സംഭലിൽ നിരോധനാജ്ഞ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

സംഭൽ > ഉത്തർപ്രദേശിലെ  സംഭലിൽ നിരോധനാജ്ഞ.   സംഭൽ പട്ടണത്തിലെ  ചന്ദൗസി ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവിട്ട സർവേയ്‌ക്കെതിരെ നടത്തിയ പ്രതിഷേധത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് ജില്ലാ ഭരണകൂടം നവംബർ 30 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി.  പുറത്തുനിന്നുള്ളവർക്ക് പ്രവേശനം വിലക്കുകയും ചെയ്തു.

ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വ്യവസ്ഥകൾ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു. അനുമതിയില്ലാതെ പുറത്തുനിന്നുള്ളവരോ മറ്റ് സാമൂഹിക സംഘടനകളോ ജനപ്രതിനിധികളോ ജില്ലാ അതിർത്തിയിൽ പ്രവേശിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ ലംഘനം ബിഎൻഎസിന്റെ സെക്ഷൻ 223 (പൊതുസേവകർ യഥാവിധി പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്) പ്രകാരം ശിക്ഷാർഹമായിരിക്കും. മുഗളന്മാർ പള്ളി പണിയുന്നതിനായി ക്ഷേത്രം തകർത്തുവെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ  കഴിഞ്ഞ ദിവസം സർവേ നടത്താന്‍  ജില്ലാകോടതി ഉത്തരവിട്ടിരുന്നു.

സർവേയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് ഞായറാഴ്ച ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്.  സർവേയ്‌ക്കിടെ കല്ലുകൾ വലിച്ചെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. സംഘർഷത്തിൽ നാല്‌ പേർ കൊല്ലപ്പെട്ടു.  നൗമാൻ, ബിലാൽ, നയിം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന്‌  മൊറാദാബാദ് കമ്മീഷണർ അനഞ്ജയ് കുമാർ പറഞ്ഞു.

രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഇരുപത്തിയൊന്ന് പേരെ കസ്റ്റഡിയിലെടുത്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഘർഷത്തിൽ കുറ്റാരോപിതരായവർക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമത്തിന് (എൻഎസ്എ) കീഴിൽ കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭാലിൽ 24 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ജില്ലാ ഭരണകൂടം എല്ലാ സ്‌കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

ജുമാ മസ്ജിദ് ഹരിഹർ ക്ഷേത്രമാണെന്നും ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്നും അവകാശപ്പെട്ട്  ഋഷിരാജ് ഗിരി എന്ന വ്യക്തി നൽകിയ അപേക്ഷയിലാണ്‌ ജില്ലാ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ സർവേ നടത്തിയത്‌. പള്ളിയുടെ സർവേ നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top