ചെന്നൈ > ശ്രീപെരുമ്പുതൂരിലെ സാംസങ് ഇന്ത്യ ഇലക്ട്രോണിക് ഫാക്ടറിക്കുമുന്നിൽ ഒരു മാസത്തിലേറെയായി ജീവനക്കാര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. സിഐടിയു നേതൃത്വത്തിലുള്ള സാംസങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയനും സംസ്ഥാന തൊഴിൽ വകുപ്പും മാനേജ്മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വേതനം വര്‍ധിപ്പിക്കുക, യൂണിയനെ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 1,100 തൊഴിലാളികള്‍ സെപ്തംബര്‍ ഒമ്പതിനാണ് സമരം തുടങ്ങിയത്.
പൊലീസ് നടപടികളടക്കം അതിജീവിച്ച് 37 ദിവസം നീണ്ട സമരത്തിലുയര്‍ത്തിയ ആവശ്യങ്ങളിൽ ഒടുവിൽ മാനേജ്മെന്റ് അനുകൂല നിലപാടിലെത്തുകയായിരുന്നു. സമരത്തിൽ പങ്കെടുത്ത തൊഴിലാളികള്‍ക്കുനേരെ പ്രതികാര നടപടിയുണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പ്നൽകി. സമര്‍പ്പിച്ച ആവശ്യങ്ങളിൽ രേഖാമൂലം മാനേജ്മെന്റ് മറുപടി നൽകും. അനുരഞ്ജന യോഗത്തിലെ തീരുമാനത്തിന് തൊഴിലാളികള്‍ അംഗീകാരം നൽകിയതായി സിഐടിയു നേതാവ് എ സൗന്ദർരാജൻ അറിയിച്ചു. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളാണ് യൂണിയൻ രൂപീകരിച്ച് സമരത്തിനിറങ്ങാൻ തൊഴിലാളികളെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികൾക്ക് അഭിവാദ്യം: കിസാൻ സഭ
സിഐടിയുവിന് കീഴിൽ 37 ദിവസം നീണ്ടുനിന്ന പോരാട്ടം വിജയിപ്പിച്ച കാഞ്ചിപുരത്തെ സാംസങ് കമ്പനി ജീവനക്കാരെ അഭിവാദ്യം ചെയ്‌ത് അഖിലേന്ത്യ കിസാൻ സഭ. ഇന്ത്യയിലെ സമകാലിക വ്യാവസായിക സമരങ്ങളുടെ ചരിത്രത്തിൽ 1500 സാംസങ് തൊഴിലാളികൾ നടത്തിയ പണിമുടക്ക് അതിന്റെ വ്യാപ്‌തിയെക്കാളും അവർ ഒറ്റക്കെട്ടായി ഉയർത്തിയ സാമ്പത്തിക–-രാഷ്ട്രീയ ആവശ്യങ്ങളാൽ വേറിട്ട് നിൽക്കും. സമരവിജയത്തെ ഇന്ത്യയിലെ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ യഥാർഥ മുന്നേറ്റമായി കാണുന്നതായും അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്‌ളെയും ജനറൽ സെക്രട്ടറി വിജൂകൃഷ്‌ണനും പ്രസ്‌താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..