ചെന്നൈ
ശ്രീപെരുമ്പത്തൂരിലെ സാംസങ് ഇലക്ട്രോണിക്സ് ഫാക്ടറിയിലെ തൊഴിലാളി സമരം തുടരുമെന്ന് സിഐടിയു. പ്രധാന ആവശ്യങ്ങളിലൊന്നായ സാംസങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയനെ (എസ്ഐഡബ്ല്യുയു) അംഗീകരിക്കുംവരെ സമരം അവസാനിപ്പിക്കില്ലെന്ന് സിഐടിയു കാഞ്ചീപുരം ജില്ലാ സെക്രട്ടറി ഇ മുത്തുകുമാര്‍ പറഞ്ഞു.
സെപ്തംബര്‍ ഒന്നുമുതലാണ് തൊഴിലാളികള്‍ വേതന വര്‍ധനയും യൂണിയന്റെ അംഗീകാരവും ആവശ്യപ്പെട്ട് സമരം തുടങ്ങിയത്. 1800 തൊഴിലാളികളാണ് ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയിലുള്ളത്. ഇതിൽ ആയിരം പേരും സാംസങ്ങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ അണിനിരന്നു.
തിങ്കളാഴ്ച സെക്രട്ടറിയേറ്റിൽ തൊഴിൽ മന്ത്രി സി വി ഗണേശൻ, വ്യവസായ മന്ത്രി ടിആര്‍ബി രാജ, എംഎസ്എംഇ മന്ത്രി ടി എം അൻപരശൻ എന്നിവരും സാംസങ് മാനേജ്മെന്റും വര്‍ക്കേഴ്സ് കമ്മിറ്റി പ്രതിനിധികളും തമ്മിൽ ഏഴു മണിക്കൂറോളം ചര്‍ച്ച നടത്തി വേതന വര്‍ധനയടക്കമുള്ള ആവശ്യങ്ങളിൽ ധാരണയായി. ഇടക്കാല ഇൻസെന്റീവായി മാസം 5000 രൂപ ഒക്ടോബര്‍ മുതൽ അടുത്തവര്‍ഷം മാര്‍ച്ചുവരെ നൽകും. തൊഴിലാളി സമിതിയുമായി കൂടിയാലോചിച്ച് തുക നൽകുന്ന രീതി അന്തിമമാക്കാനും ധാരണയായി. എന്നാൽ സമരത്തിന് നേതൃത്വം നൽകിയ യൂണിയനെ അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..