13 November Wednesday
ശ്രീനഗറിൽ ജുമ വിലക്കി

പന്നിയിറച്ചിയെറിഞ്ഞു; പ്രകോപനവുമായി ‘ഹിന്ദു യോദ്ധാ സംഘടന’ ; കലാപനീക്കവുമായി സംഘപരിവാരം

വെബ് ഡെസ്‌ക്‌Updated: Saturday Apr 30, 2022


ന്യൂഡൽഹി
അയോധ്യയിൽ പള്ളികൾക്കുനേരെ പന്നിയിറച്ചി വിലിച്ചെറിഞ്ഞ്‌ കലാപനീക്കവുമായി സംഘപരിവാർ. നഗരത്തിലെ താത്‌ഷാ ജുമാ മസ്‌ജിദ്‌, ഘോസിയാന പള്ളി, കശ്‌മീരി മൊഹള്ളയിലെ പള്ളി, ഗുലാബ്‌ ഷാ ബാബയുടെ ഖബർ എന്നിവിടങ്ങളിലാണ്‌ രാത്രിയിൽ പന്നിയിറച്ചി എറിഞ്ഞത്‌. ചിലയിടങ്ങളിൽ ഖുറാന്റെ പേജ് കീറി എറിയുകയും മുസ്ലിങ്ങളെ അപഹസിച്ചുള്ള പോസ്റ്റർ പതിക്കുകയും ചെയ്‌തു. ‘ഹിന്ദു യോദ്ധാ സംഘടന’യുടെ നേതാവായ മഹേഷ്‌ മിശ്രയും സംഘവുമാണ് കലാപനീക്കത്തിനു പിന്നിൽ. ഇയാൾ നാലു ക്രിമിനൽ കേസിൽ പ്രതിയാണ്‌. അക്രമിസംഘത്തിൽ 11 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. ഏഴുപേർ അറസ്റ്റിലായി.

 ‘നിങ്ങൾ കല്ലെറിഞ്ഞാൽ ഞങ്ങൾ ബോംബെറിയും’, ‘നിങ്ങളുടെ ഖുറാൻ നശിപ്പിച്ചു; ധൈര്യമുണ്ടെങ്കിൽ തെരുവിലിറങ്ങി പൊരുത്‌’ തുടങ്ങിയ പ്രകോപനപരമായ പോസ്റ്ററാണ് പള്ളിയിൽ പതിച്ചത്.

ശ്രീനഗറിൽ ജുമ വിലക്കി
ജമ്മു കശ്‌മീരിലെ ശ്രീനഗർ ജുമാ മസ്‌ജിദിൽ ജുമ വിലക്കിയതിനെതിരെ വ്യാപക പ്രതിഷേധം. റംസാന്‌ മുമ്പുള്ള അവസാന വെള്ളിയാഴ്‌ചത്തെ പ്രാർഥനയാണ്‌ അധികൃതർ വിലക്കിയത്‌. ജുമാ മസ്‌ജിദിന്റെ നടത്തിപ്പ്‌ സമിതിയെ ബുധനാഴ്‌ച രാത്രി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ–- പൊലീസ്‌ സംഘം നേരിട്ടെത്തിയാണ്‌ വിലക്ക്‌ അറിയിച്ചത്‌.

നടപടിയെ സിപിഐ എം അടക്കമുള്ള രാഷ്ട്രീയപാർടികൾ അടങ്ങുന്ന  ഗുപ്‌കാർ സഖ്യം അപലപിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ മുഹമദ്‌ യൂസഫ്‌ തരിഗാമി ആവശ്യപ്പെട്ടു. അധികൃതരുടെ നടപടി ദൗർഭാഗ്യകരമാണെന്ന്‌ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ്‌ നേതാവുമായ ഒമർ അബ്‌ദുള്ള പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top