കൊൽക്കത്ത > ആർ ജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് നിരപരാധിയാണെന്ന് നുണപരിശോധനയിൽ ആവർത്തിക്കുന്നതായി റിപ്പോർട്ട്. പരിശോധനയിൽ തെറ്റായതും അവിശ്വസീനയവുമായ ഉത്തരങ്ങൾ പ്രതി സിബിഐക്ക് നൽകുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊൽക്കത്തയിലെ പ്രസിഡൻസി ജയിലിൽ കഴിഞ്ഞിരുന്ന സഞ്ജയ് ഞായറാഴ്‌ചയാണ് നുണപരിശോധനയ്‌ക്ക് വിധേയനായത്.
‘അസ്വസ്ഥനായും ഉത്‌കണ്ഠയോടെയും’ ആണ് സഞ്ജയ് നുണപരിശോധനയ്‌ക്ക് ഹാജരായതെന്ന് റിപ്പോർട്ടിൽ പറയുന്നു. സിബിഐ പല തെളിവുകളും പ്രതിയുടെ മുന്നിൽ നിരത്തിയെങ്കിലും സഞ്ജയ് കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. സെമിനാർ ഹാളിൽ യുവതിയെ കണ്ടപ്പോൾ തന്നെ അവർ മരിച്ചിരുന്നുവെന്നും അതിന്റെ പേടിയിൽ അവിടെ നിന്ന് ഓടി പോവുകയായിരുന്നുവെന്നും സഞ്ജയ് പറഞ്ഞു.
ഡോക്‌ടർ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസമാണ് സഞ്ജയ് റോയ് അറസ്സിലാവുന്നത്. അന്ന് കുറ്റസമ്മതം നടത്തിയിരുന്നെങ്കിലും പിന്നീട് മാറ്റി പറയുകയായിരുന്നു. സിബിഐയുടെ ചോദ്യങ്ങളോട് കൃത്യമായി സഞ്ജയ് പ്രതികരിക്കുന്നില്ല. ജയിലിലെ വാർഡനോട് താൻ നിരപരാധിയാണെന്ന് സഞ്ജയ് റോയ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
പ്രതി ലൈംഗിക വൈകൃതമുള്ളയാൾ
ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊന്ന കേസിൽ പ്രതി സഞ്ജയ് റോയിയെ നുണപരിശോധനയ്‌ക്ക് വിധേയനാക്കി. ചോദ്യം ചെയ്യലിൽ ഇയാൾ നിരപരാധിയാണെന്ന് ആവർത്തിച്ചതായാണ് വിവരം. എന്നാൽ നിരപരാധിത്വം സ്ഥിരീകരിക്കാൻ വിശ്വാസയോഗ്യമായ മറുപടി നൽകിയില്ലെന്ന് സിബിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം അശ്ലീല ചിത്രങ്ങൾക്ക് ഗുരുതരമായി അടിമപ്പെട്ട, ലൈംഗിക വൈകൃതമുള്ളയാളാണ് സഞ്ജയ് റോയ് എന്നാണ് സൈക്കോഅനലിറ്റിക് പ്രൊഫൈലിങ് വ്യക്തമാക്കുന്നത്.
.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..