25 November Monday

സുപ്രീംകോടതി പുതിയ ചീഫ്‌ ജസ്‌റ്റിസായി 
സഞ്‌ജീവ്‌ ഖന്നയെ ശുപാർശ ചെയ്‌തു

സ്വന്തം ലേഖകൻUpdated: Friday Oct 18, 2024


ന്യൂഡൽഹി
സുപ്രീംകോടതിയുടെ 51–-ാമത്‌ ചീഫ്‌ ജസ്റ്റിസായി  സഞ്‌ജീവ്‌ ഖന്നയെ ശുപാർശ ചെയ്‌തു. നവംബർ 10ന്‌ വിരമിക്കുന്ന ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ കേന്ദ്രസർക്കാരിന്‌ ഇതുസംബന്ധിച്ച ശുപാർശ കൈമാറി. ഡി വൈ ചന്ദ്രചൂഡ് കഴിഞ്ഞാൽ സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്‌ജിയാണ്‌ ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന.

വിരമിക്കുന്ന ചീഫ്‌ ജസ്റ്റിസിനോട്‌ പുതിയ ചീഫ്‌ ജസ്‌റ്റിസിനെ ശുപാർശ ചെയ്യാൻ കീഴ്‌വഴക്കമനുസരിച്ച്‌ നിയമമന്ത്രാലയം ആവശ്യപ്പെടാറുണ്ട്‌. 2025 മെയ്‌ 13ന്‌ വിരമിക്കുന്ന ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന ആറുമാസത്തിലേറെ ചീഫ്‌ ജസ്‌റ്റിസ്‌ പദവിയിലുണ്ടാകും. 2019 ജനുവരിയിലാണ്‌ സുപ്രീംകോടതി ജഡ്‌ജിയായത്‌. 1983ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി. ജില്ലാ കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്‌റ്റീസ്‌ ചെയ്‌തു. വൈവിധ്യമാർന്ന മേഖലകളുമായി ബന്ധപ്പെട്ട നിരവധി പ്രധാനപ്പെട്ട കേസുകളിൽ ഹാജരായി. ദീർഘകാലം ആദായനികുതി വകുപ്പിന്റെ സീനിയർ സ്‌റ്റാൻഡിങ്ങ്‌ കോൺലായിരുന്നു. 2004ൽ ഡൽഹി സ്‌റ്റാൻഡിങ്ങ്‌ കോൺസലായി (സിവിൽ) നിയമിക്കപ്പെട്ടു  2005ൽ ഡൽഹി ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി. 2006ൽ സ്ഥിരം ജഡ്‌ജിയായി.

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിലും ഇലക്‌ടറൽ ബോണ്ട്‌ ഭരണഘടനാവിരുദ്ധമെന്ന്‌ കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന അംഗമായിരുന്നു. സുപ്രീംകോടതി ജഡ്‌ജിമാർ 65 വയസ്സിലാണ്‌ വിരമിക്കാറുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top