ന്യൂഡൽഹി
ജസ്റ്റിസ് സഞ്‌ജീവ് ഖന്ന സുപ്രീംകോടതിയുടെ 51–-ാമത് ചീഫ് ജസ്റ്റിസായി അധികാരമേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ആറുമാസം (183 ദിവസം) ചീഫ് ജസ്റ്റിസായി പ്രവർത്തിച്ച് 2025 മെയ് 13ന് വിരമിക്കും. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്, നിയമമന്ത്രി അർജുൻ മേഘ്‌വാൾ, ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്‌ജീവ് ഖന്നയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഡൽഹി സ്വദേശിയായ ജസ്റ്റിസ് സഞ്‌ജീവ് ഖന്നയുടെ പിതാവ് ദേവ്‌രാജ് ഖന്ന ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരുന്നു, അമ്മ സരോജ ഖന്ന കോളേജ് അധ്യാപികയും. സഞ്‌ജീവ് ഖന്ന 2005ൽ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലും ഇലക്‌ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ച ഭരണഘടനാബെഞ്ചിലും അംഗമായി.
അമ്മാവൻ ചീഫ് ജസ്റ്റിസാകുന്നത് ഇന്ദിര തടഞ്ഞു
എഡിഎം ജബൽപുർ കേസിൽ ഭിന്നവിധിയിലൂടെ ചരിത്രം കുറിച്ച സുപ്രീംകോടതി മുൻ ജഡ്‌ജി ഹൻസ്‌രാജ് ഖന്നയുടെ അനന്തരവനാണ് ജസ്റ്റിസ് സഞ്‌ജീവ് ഖന്ന. പൗരാവകാശങ്ങൾ റദ്ദാക്കാമെന്ന ഭൂരിപക്ഷ വിധിക്കെതിരെ എച്ച് ആർ ഖന്നയുടെ ഭിന്നവിധി ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ തിളക്കമേറിയ അധ്യായമാണ്. 1975ൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അടിയന്താരാവസ്ഥ അടിച്ചേൽപ്പിച്ച ഘട്ടത്തിലായിരുന്നിത്.
1977 ജനുവരിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകേണ്ട എച്ച് ആർ ഖന്നയെ മറികടന്ന് ഇന്ദിര ഗാന്ധി എം എച്ച് ബേഗിനെ ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്‌തു. പിന്നാലെ, എച്ച് ആർ ഖന്ന സുപ്രീംകോടതി ജഡ്‌ജി സ്ഥാനം രാജിവച്ചു. 1982ൽ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ഗ്യാനി സെയിൽ സിങ്ങിനെതിരെ സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയായിരുന്നു എച്ച് ആർ ഖന്ന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..