കൊൽക്കത്ത> ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി സഞ്ജയ് റോയിക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കുറ്റപത്രം സമർപ്പിച്ചു. കൊൽക്കത്ത പൊലീസിൽ കരാർ ജീവനക്കാരനായിരുന്നു സഞ്ജയ് റോയ്. തിങ്കളാഴ്‌ച ഉച്ചയോടെയാണ് സീൽദയിലെ പ്രത്യേക കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
വിശ്രമ വേളയിൽ ഡോക്ടർ ആശുപത്രിയിലെ സെമിനാർ മുറിയിൽ വിശ്രമിക്കാൻ പോയ സമയത്താണ് സഞ്ജയ് റോയ് കുറ്റകൃത്യം ചെയ്തതെന്ന് അധികൃതർ പറഞ്ഞു. സഞ്ജയ് റോയിയെ മുഖ്യപ്രതിയാക്കി സമർപ്പിച്ച കുറ്റപത്രത്തിൽ ഇരുനൂറോളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ജോലിക്കിടയിലെ വിശ്രമസമയത്ത് സെമിനാര്‍ ഹാളില്‍ ഉറങ്ങാന്‍ പോയപ്പോഴാണ് പ്രതി വനിതാ ഡോക്ടറെ ബലാംത്സംഗം ചെയ്ത് കൊന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ആഗസ്ത് 9 നാണ് ആ ർജി കാർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പുലർച്ചെയായിരുന്നു സംഭവം. റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിയായ 31കാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ രണ്ട് മണിക്ക് തന്റെ ജൂനിയേഴ്സിന്റെ കൂടെ ഭക്ഷണം കഴിച്ച ശേഷം സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് അന്വേഷണം ഏറ്റെടുക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടത്.
അതിക്രൂര കൊലപാതകം, 14 മുറിവുകൾ
പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. അതിക്രൂരമായാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തം. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിരുന്നു. തലയിലും മുഖത്തും സ്വകാര്യഭാഗങ്ങളിലുമടക്കം 14 മുറിവുകൾ. ക്രൂരപീഡനത്തിന് ഇരയായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. മുറിവുകളെല്ലാം മരണത്തിനു മുമ്പ് ഉണ്ടായതാണ്. കടുത്ത ലൈംഗിക അതിക്രമത്തിന് ഇരയായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസിൽ കൊൽക്കത്ത പൊലീസിലെ സിവിക് വളന്റിയറും തൃണമൂൽ കോൺഗ്രസ് പ്രവർത്തകനുമായ സഞ്ജയ് റോയി അറസ്റ്റിലായി.
ഗുരുതര വീഴ്‌ച
സംഭവം അറിഞ്ഞെത്തിയ കൊൽക്കത്ത പൊലീസ് അലംഭാവത്തോടെയാണ് ആദ്യമേ അന്വേഷണം തുടങ്ങിയത്. എഫ്ഐആർ ഫയൽ ചെയ്യാൻ മനപ്പൂർവം "മറന്നു'. പ്രതിഷേധം ശക്തമായപ്പോഴാണ് കൊലപാതക, ബലാത്സംഗ വകുപ്പുകൾ ചേർത്തത്. തെളിവുകൾ ഇല്ലാതാക്കി അന്വേഷണത്തെ അട്ടിമറിക്കാനായിരുന്നു അവരുടെ ശ്രമം. കൊലപാതകമാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന മരണത്തെ ആദ്യമേ ആത്മഹത്യയാക്കി. നഗ്നമായ വീഴ്‌ചകളാണ് സംഭവിച്ചത്. വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെയും കൊൽക്കത്ത പൊലീസ് നടപടിയെടുത്തു. സമൂഹമാധ്യമത്തിൽ പ്രതികരിച്ചതിന് പ്രമുഖ ഡോക്‌ടർമാരായ കുണാൽ സർക്കാർ, സുബർണ ഗോസാമി എന്നിവരെ പൊലീസ് ചോദ്യം ചെയ്‌തു. ഇതിനെതിരെ പൊലീസ് ആസ്ഥാനമായ ലാൽ ബസാറിലേക്ക് മെഡിക്കൽ കോളേജ് ഡോക്‌ടർമാരും വിദ്യാർഥികളും പ്രകടനം നടത്തി. മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സമൂഹമാധ്യമത്തിൽ പ്രതികരിച്ച യുവാവിനെ അറസ്റ്റ് ചെയ്‌തു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തി തൃണമൂൽ നേതാക്കൾ രംഗത്ത് വന്നു. ഇതിനിടെയാണ് അന്വേഷണം ഏറ്റെടുക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..