ന്യൂഡൽഹി
കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) കേസിൽ എഎപി നേതാവും മുൻമന്ത്രിയുമായ സത്യേന്ദർ ജെയിനിന് ജാമ്യം അനുവദിച്ച് ഡൽഹി കോടതി. വെള്ളി വൈകിട്ട് തിഹാര്‍ ജയിലില്‍ നിന്നിറങ്ങിയ സത്യേന്ദർ ജെയിനിനെ ആംആദ്മി നേതാക്കള്‍ സ്വീകരിച്ചു.
18 മാസത്തിലേറെ ജയിലിൽ കിടന്നെന്നതും വിചാരണ അടുത്തകാലത്തൊന്നും പൂർത്തിയാകാൻ സാധ്യതയില്ലെന്നതും കണക്കിലെടുത്ത് റൗസ്‌അവന്യു കോടതിയിലെ പ്രത്യേക ജഡ്‌ജ് വിശാൽ ഗോഗ്‌നെ ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപിച്ച് ഇഡി ജാമ്യാപേക്ഷയെ എതിർത്തു.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ 2022 മെയ് 30നാണ് സത്യേന്ദർ ജെയിനിനെ ഇഡി അറസ്റ്റ് ചെയ്‌തത്. 2017ൽ അഴിമതി നിരോധനനിയമപ്രകാരം സിബിഐ കേസെടുത്തിരുന്നു. അതിന്റെ ചുവടുപിടിച്ചായിരുന്നു ഇഡി നടപടി.
2022 നവംബറില്‍ വിചാരണക്കോടതിയും 2023 ഏപ്രിലിൽ ഡൽഹി ഹൈക്കോടതിയും സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷ തള്ളി. 2023 മെയ് 30ന് ആരോഗ്യകാരണങ്ങളാൽ സുപ്രീംകോടതി ഇടക്കാലജാമ്യം നൽകി. മാർച്ച് 18ന് ജാമ്യം റദ്ദാക്കി. സ്ഥിരംജാമ്യത്തിനുള്ള അപേക്ഷ സുപ്രീംകോടതി തള്ളിയതോടെ വിചാരണക്കോടതിയെ സമീപിക്കുകയായിരുന്നു.സത്യേന്ദർ ജെയിനിന്റെ അറസ്റ്റോടെയാണ് എഎപിക്ക് എതിരെ കേന്ദ്രഏജൻസികൾ നീക്കം ശക്തമാക്കിയത്. പിന്നാലെ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, സഞ്‌ജയ് സിങ് എന്നിവരെ ജയിലിലാക്കി. മൂന്നുപേര്‍ക്കും ജാമ്യം കിട്ടിയതിനുപിന്നാലെയാണ് സത്യേന്ദർ ജെയിനും ജയില്‍ മോചിതനാകുന്നത്.സത്യത്തിന്റെ ആത്യന്തികമായ വിജയമാണെന്നും ബിജെപിയുടെ മറ്റൊരു ഗൂഢാലോചനകൂടി തകർന്നെന്നും എഎപി പ്രതികരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..