13 November Wednesday

കർണാടക ഹൈക്കോടതി ജഡ്‌ജിയുടെ വിവാദ പരാമർശം : നടപടി എടുത്ത്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024


ന്യൂഡൽഹി
കർണാടക ഹൈക്കോടതി ജഡ്‌ജിയുടെ വിവാദപരാമർശങ്ങളിൽ സ്വമേധയാ നടപടി സ്വീകരിച്ച്‌ സുപ്രീംകോടതി. ജസ്‌റ്റിസ്‌ വേദവ്യാസാചാർ ശ്രീശാനന്ദയുടെ വിവാദപരാമർശങ്ങളിൽ ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ അഞ്ചംഗബെഞ്ച്‌ കർണാടക ഹൈക്കോടതി രജിസ്‌ട്രാർ ജനറലിൽ നിന്നും റിപ്പോർട്ട്‌ തേടി. നിയമോപദേശം നൽകാൻ അറ്റോർണിജനറൽ ആർ വെങ്കടരമണിയോടും നിർദേശിച്ചു. ബുധനാഴ്‌ച വിഷയം വീണ്ടും പരിഗണിക്കും.

പടിഞ്ഞാറൻ ബംഗളൂരുവിലെ ഒരു പ്രദേശത്തെ ‘പാകിസ്ഥാനെന്ന്‌’ ജസ്‌റ്റിസ്‌ ശ്രീശാനന്ദ വിളിക്കുന്ന ദൃശ്യമാണ്‌ ആദ്യം പുറത്തുവന്നത്‌. പിന്നാലെ, ഒരു അഭിഭാഷകയോട്‌ അദ്ദേഹം മോശം പരാമർശം നടത്തുന്ന ദൃശ്യവും പുറത്തുവന്നു. ‘നിങ്ങൾക്ക്‌ കക്ഷിയെ കുറിച്ച്‌ എല്ലാം അറിയാം. അയാളുടെ അടിവസ്‌ത്രങ്ങളുടെ നിറംപോലും പറയുമെന്ന്‌ തോന്നുന്നു’– എന്നാണ്‌ ജഡ്‌ജി പറഞ്ഞത്‌.

ജഡ്‌ജിമാരിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്ന അടിസ്ഥാനമര്യാദയ്‌ക്ക്‌ വിരുദ്ധമായ ഇടപെടലുകൾ ഉണ്ടാകരുതെന്നും കേസുകൾ പരിഗണിക്കുന്നതിടെ ജഡ്‌ജിമാരുടെ പെരുമാറ്റം സംബന്ധിച്ച്‌ മാർഗരേഖ പുറപ്പെടുവിക്കുന്നത്‌ പരിഗണനയിലാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

‘കോടതി വിധികളെ 
വിമർശിക്കുമ്പോൾ 
ജാഗ്രത വേണം’
ബിആർഎസ്‌ നേതാവ്‌ കെ കവിതയ്‌ക്ക്‌ ജാമ്യം അനുവദിച്ച വിധിക്കെതിരെ മോശം പരാമർശം നടത്തിയതിൽ തെലങ്കാന മുഖ്യമന്ത്രിയുടെ ഖേദപ്രകടനം അംഗീകരിച്ച്‌ സുപ്രീംകോടതി. ഭരണഘടനാപദവികൾ വഹിക്കുന്നവരും ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലുള്ളവരും കോടതി വിധികൾക്കെതിരെ അഭിപ്രായങ്ങൾ പറയുമ്പോൾ ജാഗ്രത പുലർത്തണമെന്ന്‌ ജസ്‌റ്റിസുമാരായ സൂര്യകാന്ത്‌, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്‌ നിരീക്ഷിച്ചു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട പിഎംഎൽഎ കേസിൽ ബിആർഎസ്‌ നേതാവ്‌ കവിതയ്‌ക്ക്‌ ജാമ്യം ലഭിച്ചത്‌ ബിആർഎസും ബിജെപിയുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമാണെന്നാണ്‌ തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌റെഡ്ഡി പറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top