ന്യൂഡൽഹി > റോഡ് വികസനത്തിനെന്ന പേരിൽ വീടുകൾ ഇടിച്ചു നിരത്തിയ യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. 2019ൽ റോഡ് വികസനത്തിന്റെ പേരിൽ വീട് ഇടിച്ചു നിരത്തിയ യുപി സ്വദേശിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണണെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
ഒറ്റ രാത്രികൊണ്ട് ബുൾഡോസറുകളുമായെത്തി വീട് പൊളിക്കാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ച കോടതി നിയമനടപടികൾ പാലിക്കാതെയും നോട്ടീസ് നൽകാതെയും എങ്ങനെയാണ് സർക്കാരിന് ഇത്തരം കാര്യങ്ങൾ നടപ്പാക്കാൻ സാധിക്കുകയെന്നും ചോദിച്ചു. 2019ൽ അനധികൃതമായി വീട് പൊളിച്ചുമാറ്റിയെന്ന് കാണിച്ച് മനോജ് തിബ്രേവാൾ ആകാശ് എന്ന വ്യക്തി അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ 2020ലാണ് സുപ്രീംകോടതി സ്വമേധയ കേസെടുത്തത്.
മുൻകൂട്ടി നോട്ടീസുകളോ അറിയിപ്പുകളോ ഒന്നും നൽകാതെയാണ് വീട് പൊളിച്ചതെന്ന് മനോജ് കത്തിൽ പറയുന്നു. പൊളിക്കുന്നതിന് മുമ്പ് ഭൂമി ഏറ്റെടുത്തതായി കാണിക്കുന്ന ഒരു രേഖയും ഉണ്ടായിരുന്നില്ലന്നും കോടതി നിരീക്ഷിച്ചു. അനധികൃത പൊളിക്കലിന് ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ അന്വേഷണം നടത്താനും അച്ചടക്ക നടപടികൾ ആരംഭിക്കാനും കോടതി യുപി ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..