21 November Thursday

ലോധിയുടെ കാലത്തെ ശവകുടീരം കൈവശപ്പെടുത്തി; ഡിസിഡബ്ല്യുഎക്കും എഎസ്ഐക്കും സുപ്രീംകോടതിയുടെ വിമർശനം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ന്യൂഡൽഹി> ഡൽഹിയിലെ 700 വർഷം പഴക്കമുള്ള ലോധിയുടെ കാലത്തെ ശവകുടീരം കൈവശപ്പെടുത്തിയതിന് ഡിഫൻസ് കോളനി വെൽഫെയർ അസോസിയേഷന്‌ (ഡിസിഡബ്ല്യുഎ) സുപ്രീം കോടതിയുടെ വിമർശനം.  സ്മാരകം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെയും (എഎസ്ഐ) സുപ്രീംകോടതി വിമർശിച്ചു. സ്മാരകത്തിനുണ്ടായ നാശനഷ്ടങ്ങൾ പഠിക്കാനും പുനരുദ്ധാരണ നടപടികൾ നിർദേശിക്കാനും പുരാവസ്തു വിദഗ്ധനെ നിയമിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു.

1960 മുതൽ റസിഡന്റ്‌ വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) കെട്ടിടം കൈവശപ്പെടുത്തിയിരിക്കുകയായിരുന്നു.   സ്മാരകം സാമൂഹിക വിരുദ്ധർ നശിപ്പിക്കുന്നത്‌ തടയാൻ വേണ്ടിയാണ്‌ കെട്ടിടം കൈവശപ്പെടുത്തിയതെന്നാണ്‌ ആർഡബ്ല്യുഎയുടെ ന്യായം. "നിങ്ങൾക്ക് ഈ കെട്ടിടത്തിലേക്ക്‌  പ്രവേശിക്കാൻ എത്രമാത്രം ധൈര്യമുണ്ട്. എന്ത് തരത്തിലുള്ള വാദങ്ങളാണ് നിങ്ങൾ ഇതിൽ ഉന്നയിക്കുന്നത്" എന്ന്‌  ജസ്റ്റിസ് സുധാൻഷു ധൂലിയയും ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ലയും അടങ്ങിയ ബെഞ്ച് ആർഡബ്ല്യുഎ  യോട് ചേദിച്ചു.

കൊളോണിയൽ ഭരണാധികാരികളെപ്പോലെയാണ് ആർഡബ്ല്യുഎ സംസാരിക്കുന്നതെന്ന് കോടതി പറഞ്ഞു. സ്മാരകം അനധികൃതമായി കൈവശപ്പെടുത്താൻ ആർഡബ്ല്യുഎയെ അനുവദിച്ചതിന് എഎസ്ഐയെയും കോടതി കുറ്റപ്പെടുത്തി. "എന്താണ് നിങ്ങളുടെ ചുമതല? പുരാതന നിർമിതികൾ സംരക്ഷിക്കാനുള്ള നിങ്ങളുടെ കടമയിൽ നിന്ന് നിങ്ങൾ പിന്നോട്ട് പോയി. നിങ്ങളുടെ നിഷ്‌ക്രിയത്വം ഞങ്ങളെ അസ്വസ്ഥരാക്കുന്നു"വെന്ന്‌  എഎസ്ഐയോട്‌ സുപ്രീംകോടതി പറഞ്ഞു.

കെട്ടിടം ഒഴിയാൻ ആർഡബ്ല്യുഎയോട് നിർദേശിക്കുമെന്ന് പറഞ്ഞ കോടതി വിഷയത്തിന്റെ വാദം കേൾക്കൽ  2025 ജനുവരി 21ലേക്ക്‌ മാറ്റി.

ഡൽഹി ഡിഫൻസ് കോളനി നിവാസിയായ രാജീവ് സൂരി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ രൂക്ഷമായ പരാമർശം. സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാൻ അധികാരികളോട് നിർദേശിക്കണമെന്ന് സൂരി കോടതിയോട് ഹർജിയിൽ പറഞ്ഞു. 2019ൽ ഡൽഹി ഹൈക്കോടതി നിർദേശം നൽകാത്തതിനെ തുടർന്നാണ് സൂരി സുപ്രീംകോടതിയെ സമീപിച്ചത്. 500 വർഷങ്ങൾക്ക് മുമ്പ് ലോധി രാജവംശത്തിന്റെ കാലത്താണ് ഈ ശവകുടീരം നിർമിച്ചത്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top