ന്യൂഡൽഹി
ക്രിമിനൽകേസിൽ പ്രതികളാകുന്നവരുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത് തടഞ്ഞ് സുപ്രീംകോടതി. കോടതി അനുമതി കൂടാതെ ഇടിച്ചുനിരത്തൽ പാടില്ലെന്ന് ജസ്‌റ്റിസ് ഭൂഷൺ ആർ ഗവായ്, ജസ്‌റ്റിസ് കെ വി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു. കേസ് വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ ഒന്ന് വരെയാണ് വിലക്ക്. പൊതുറോഡ്, നടപ്പാത, റെയിൽവേലൈൻ തുടങ്ങിയിടങ്ങളിലെ അനധികൃതനിർമാണം പൊളിക്കാൻ വിലക്ക് ബാധകമല്ല.
ക്രിമിനൽകേസിൽ പ്രതിയാകുന്നവരുടെ വീട് ശിക്ഷാനടപടിയെന്ന പേരിൽ ഇടിച്ചുനിരത്തുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പതിവായതോടെയാണ് ‘ബുൾഡോസർ രാജിനെ’ ചോദ്യംചെയ്‌ത് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ എത്തിയത്. ഡൽഹി ജഹാംഗിർപുരിയിലെ ഇടിച്ചുനിരത്തൽ ചോദ്യം ചെയ്‌ത് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചു.
ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നും നിരവധി ഹർജികളെത്തി. ഇതിലാണ് സുപ്രീംകോടതി ഇടപെടൽ. ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിടരുതെന്ന് യുപി സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. രണ്ടാഴ്‌ച പൊളിക്കൽ നിർത്തിവച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്ന് കോടതി പ്രതികരിച്ചു.
കുറ്റവാളിയാണെങ്കിൽ പോലും ആരുടെയും വീട് ഇടിച്ചുനിരത്തരുതെന്നും ‘ബുൾഡോസർരാജ്’ നിയന്ത്രിക്കാൻ രാജ്യവ്യാപകമായി മാർഗനിർദേശം പുറപ്പെടുവിക്കുന്നത് പരിഗണനയിലാണെന്നും സുപ്രീംകോടതി മുമ്പ് നിരീക്ഷിച്ചിരുന്നു. ‘ബുൾഡോസർ കൊണ്ടുള്ള നീതി നടപ്പാക്കൽ’ രാജ്യത്തെ നിയമവാഴ്‌ച ഇടിച്ചുനിരത്തുന്നതിന് തുല്യമെന്ന് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..