07 November Thursday

ബുൾഡോസർ രാജ്‌ വേണ്ട ; യുപി സർക്കാരിന്‌ സുപ്രീംകോടതിയുടെ താക്കീത്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024


ന്യൂഡൽഹി
രായ്‌ക്ക്‌ രാമാനം ബുൾഡോസറുമായി കയറിവന്ന്‌ എല്ലാം ഇടിച്ചുനിരത്താൻ കഴിയില്ലെന്ന്‌ ഉത്തർപ്രദേശ്‌ സർക്കാരിന്‌ സുപ്രീംകോടതിയുടെ താക്കീത്‌. നോട്ടീസ്‌ നൽകാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും അനധികൃതമായി വീട്‌ ഇടിച്ചുപൊളിച്ചതിന്‌ യുപി സർക്കാർ 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടു. റോഡ്‌ വീതികൂട്ടാനെന്ന പേരിൽ  മഹാരാജ്‌ഗഞ്ച്‌ ജില്ലയിലെ മനോജ്‌ തിബേർവാൾ ആകാശിന്റെ വീട്‌ അനധികൃതമായി ഇടിച്ചുപൊളിച്ചെന്ന പരാതി പരിഗണിച്ച ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ ഉത്തർപ്രദേശിലെ ‘ബുൾഡോസർ രാജിന്‌’ എതിരെ ആഞ്ഞടിച്ചു. ഒരു നോട്ടീസുപോലും നൽകാതെ സ്ഥലത്തെത്തി ലൗഡ് സ്‌പീക്കറിലൂടെ വീട് പൊളിക്കുകയാണെന്ന് വിളംബരം ചെയ്യുന്നു. പിന്നാലെ, ബുൾഡോസർ കയറ്റി വീട് പൊളിച്ചു. തികച്ചും ഏകപക്ഷീയമായ ഈ നടപടി പൂർണമായ നിയമരാഹിത്യമാണെന്ന്‌  ജസ്റ്റിസ്‌ ജെ ബി പർധിവാല ചൂണ്ടിക്കാട്ടി.

അനധികൃത കൈയേറ്റമായതിനാലാണ്‌ വീട്‌ പൊളിച്ചതെന്ന യുപി സർക്കാരിന്റെ വാദവും തള്ളി. ‘3.70 ചതുരശ്രമീറ്റർ കൈയേറ്റം നടന്നതിന്‌ വീട്‌ മുഴുവൻ പൊളിച്ചു. കൈയേറിയതിനേക്കാൾ വളരെ കൂടുതൽ ഭാഗം ഇടിച്ചുപൊളിച്ചെന്ന്‌ ദേശീയ മനുഷ്യാവകാശ കമീഷനും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അനധികൃതമായ പൊളിക്കൽ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന്‌ യുപി ചീഫ്‌ സെക്രട്ടറിയോട്‌ നിർദേശിച്ചു. പരാതിക്കാരന്‌ 25 ലക്ഷം നഷ്ടപരിഹാരം നൽകാനും ആവശ്യപ്പെട്ടു.

കൈയേറ്റം നീക്കംചെയ്യാൻ മാർഗനിർദേശം
റോഡ്‌ വീതികൂട്ടുന്ന അവസരങ്ങളിൽ കൈയേറ്റങ്ങൾ നീക്കം ചെയ്യാനുള്ള മാർഗനിർദേശവും സുപ്രീംകോടതി പുറപ്പെടുവിച്ചു. നിലവിലുള്ള മാപ്പുകളുടെയും റെക്കോർഡുകളുടെയും അടിസ്ഥാനത്തിൽ റോഡിന്റെ വീതി കൃത്യമായി നിർണയിക്കണം,  കൈയേറ്റങ്ങളുണ്ടോയെന്ന്‌ സർവേ നടത്തി കണ്ടെത്തണം, കൈയേറ്റം കണ്ടെത്തിയാൽ നോട്ടീസ്‌ നൽകണം, എതിർവാദങ്ങൾ ഉന്നയിച്ചാൽ അത്‌ പരിഗണിക്കണം, എതിർവാദം തള്ളിയാൽ അത്‌ അറിയിച്ചും കൈയേറ്റം നീക്കാൻ നിർദേശിച്ചും പുതിയ നോട്ടീസ്‌ നൽകണം, സാധ്യതയുള്ള നടപടി എന്തായിരിക്കുമെന്ന്‌ ആ നോട്ടീസിൽ അറിയിക്കണം. ഈ നോട്ടീസ്‌ കൈപ്പറ്റിയിട്ടും കൈയേറ്റം നടത്തിയ വ്യക്തികളുടെ ഭാഗത്തുനിന്ന്‌ പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതർക്ക്‌ ഉചിതമായ നടപടി സ്വീകരിക്കാം– മാർഗനിർദേശത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top