05 November Tuesday

അനിൽ അംബാനിയെ ഓഹരി വിപണിയിൽ നിന്ന് വിലക്കി സെബി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024


ന്യൂഡല്‍ഹി/കൊച്ചി
റിലയൻസ് അനിൽ ധീരുഭായ് അംബാനി (എഡിഎ) ​ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി ഓഹരി വിപണിയിൽ ഇടപെടുന്നത് അഞ്ചുവര്‍ഷത്തേക്ക് വിലക്കി സെബി. 25 കോടി രൂപ പിഴയും ചുമത്തി. അനിലിന്റെ ഗ്രൂപ്പ് കമ്പനിയായ റിലയൻസ് ക്യാപ്പിറ്റൽ (ആർസിഎൽ) പ്രൊമോട്ട് ചെയ്യുന്ന റിലയൻസ് ഹോം ഫിനാൻസ് (ആർഎച്ച്എഫ്എൽ) കമ്പനിയിൽനിന്ന്‌, ഫണ്ട് വഴിതിരിച്ചുവിട്ടതിനാണ്‌ വിലക്ക് ഏർപ്പെടുത്തിയത്. കമ്പനിയിലെ മുതിർന്ന ജീവനക്കാര്‍ക്കും മറ്റ്‌ 24 സ്ഥാപനങ്ങൾക്കും വിലക്കുണ്ട്‌.

ഏതെങ്കിലും സ്ഥാപനത്തിന്റെ ഡയറക്ടർ, പ്രധാനപ്പെട്ട മാനേജിങ്‌ തസ്‌തിക വഹിക്കുന്ന ആൾ എന്നീ നിലകളിൽ അഞ്ചുവർഷത്തേക്ക്‌ അനിൽ അംബാനി ഓഹരി വിപണിയുമായി ബന്ധപ്പെടരുതെന്നാണ്‌ സെബി ഉത്തരവ്‌. അനിൽ അംബാനിക്കും മറ്റ്‌ സ്ഥാപനങ്ങൾക്കുമെല്ലാമായി ആകെ 625 കോടി രൂപ പിഴ ചുമത്തി.

വിലക്ക്‌ വന്നതിന്‌ പിന്നാലെ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. റിലയൻസ്‌ പവർ ഓഹരി അഞ്ച്‌ ശതമാനവും റിലയൻസ്‌ ഇൻഫ്രാ ഓഹരി 10.4 ശതമാനവും ആർഎച്ച്‌എഫ്‌എൽ ഓഹരി 4.9 ശതമാനവും ഇടിഞ്ഞു. ആർഎച്ച്‌എഫ്‌എല്ലിന്റെ ഫണ്ടുകൾ ചില തട്ടിപ്പ്‌ പദ്ധതികളിലൂടെ അനിൽ അംബാനിയും കൂട്ടാളികളും വകമാറ്റിയതിന്‌ കൃത്യമായ തെളിവുകളുണ്ടെന്ന്‌ സെബി അംഗം അനന്ത്‌ നാരായൺ ജി ഒപ്പുവെച്ച ഉത്തരവിൽ പറയുന്നു. ഫണ്ടുകൾ മൂലധന വായ്‌പകളുടെ രൂപത്തിൽ പലർക്കായി കൈമാറി. ഇത്തരം വായ്‌പ ലഭിച്ചവരെല്ലാം കമ്പനിയുടെ പ്രൊമോട്ടർമാരുമായി അടുത്ത ബന്ധമുള്ളവരാണ്‌.

ഈ വായ്‌പകളെല്ലാം പിന്നീട്‌ കിട്ടാക്കടങ്ങളായി മാറി. ഇത്‌ ആർഎച്ച്‌എഫ്‌എല്ലിന്റെ സാമ്പത്തികശേഷിയെ കാര്യമായി ബാധിച്ചു. ഏഴായിരം കോടിയോളം രൂപ നിലവിൽ കിട്ടാക്കടമാണ്‌. കമ്പനി ഓഹരികളിൽ നിക്ഷേപം നടത്തിയവർക്ക് ഇത് കനത്ത നഷ്ടമുണ്ടാക്കി– ഉത്തരവിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top