22 December Sunday

സെബി ചെയര്‍പേഴ്‌സണ് രണ്ട് ശമ്പളം; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

ന്യൂഡല്‍ഹി> സെബി ചെയര്‍പേഴ്‌സണെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. സെബിയുടെ തലപ്പത്തിരിക്കെ സ്വകാര്യ ബാങ്കില്‍ നിന്നും ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് ശമ്പളം കൈപ്പറ്റുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.ഇവരെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും മോഡിയോട്  കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

2017 മുതല്‍ സെബിയില്‍ ജോലിചെയ്യുന്ന മാധബി പുരി ബുച്ച് ഐസിഐസി ബാങ്കില്‍ നിന്നും ശമ്പളം വാങ്ങുന്നുവെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ' നമ്മള്‍ ഒരു സ്ഥാപനത്തില്‍ നിന്നും ജോലിചെയ്യുമ്പോള്‍ അവിടെ നിന്നുമാത്രമെ ശമ്പളം വാങ്ങാനാകു. സെബി ചെയര്‍പേഴ്‌സണ്‍ മുഴുവന്‍ സമയ പ്രവര്‍ത്തകയായിരുന്നിട്ടും, ഐസിഐസിഐ ബാങ്ക്, പ്രിഡന്‍ഷ്യല്‍, സ്റ്റോക്ക് ഓപ്ഷനുകള്‍ (ESOP) എന്നിവയില്‍ നിന്ന് 2017 നും 2024 നും ഇടയില്‍ മാധബി ബുച്ച് പേയ്മെന്റുകള്‍ സ്വീകരിക്കുന്നു'- കോണ്‍ഗ്രസ് ആരോപിച്ചു.

റെഗുലേറ്ററി ബോഡിയായ സെബിയില്‍ ഇത്രയും ഉയര്‍ന്ന പദവിയിലുള്ള ഒരാള്‍ മറ്റ് കമ്പനികളില്‍ നിന്ന് വരുമാനം സ്വീകരിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത് സെബി നിയമങ്ങളുടെ 54-ാം വകുപ്പിന്റെ ലംഘനമാണെന്നും പ്രതിപക്ഷം  പറയുന്നു
 
 സെബിയില്‍ മുഴുവന്‍ സമയ അംഗമായി മാധബി ഏപ്രില്‍ 5, 2017 മുതല്‍ ഒക്ടോബര്‍ 4, 2021 വരെ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച 2022 നാണ് സെബി ചെയര്‍മാനായി ചുമതലയേറ്റത്. ജോലി തുടങ്ങിയ 2017 മുതല്‍ ഇന്നേ ദിവസം വരെ 16.8 കോടിയാണ് ഐസിഐസിയില്‍ നിന്നും മാധബി സമ്പാദിച്ചത്.സെബിയില്‍ ഇതേ കാലയളവില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ചതിനേക്കാള്‍ 5.09 തവണ കൂടുതലാണിതെന്നും കണക്ക് പ്രകാരം 3.3 കോടിയാണ്  സെബിയില്‍ നിന്നും നേടിയതെന്നും ആരോപണത്തില്‍ പറയുന്നു.

 അദാനി ഗ്രൂപ്പിന്റെ സുരക്ഷ നിയമ ലംഘനം സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവിട്ട, സെബിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയുള്ള മാധബിയുടെ നീക്കങ്ങള്‍ ഗുരുതര ചോദ്യങ്ങളാണുയര്‍ത്തുന്നത് - കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു.

ഈ ചോദ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തേച്ചുമാച്ചില്ലാതാക്കുമെന്നാണ് കാണാനാകുന്നത്. അതിനിടെയാണ്  നിയമസലംഘനത്തിന്റെ ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി പുറത്തുവന്നിരിക്കുന്നത്- ജയറാം രമേഷ് വ്യക്തമാക്കി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top