16 September Monday

സെബിയുടെ പ്രവർത്തനം പിഎസി പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024


ന്യൂഡൽഹി
സെബി(സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യ)യുടെ പ്രവർത്തനങ്ങൾ  പാർലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി(പിഎസി) പരിശോധിക്കും.  സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിന്‌ വിദേശത്തെ കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്ന്‌ അമേരിക്ക ആസ്ഥാനമായ ഹിൻഡൻബർഗ്‌ റിസർച്ച്‌ റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു.  മാധബി പുരിക്കെതിരെ സെബി ജീവനക്കാരും പരാതികൾ ഉയർത്തിയിട്ടുണ്ട്‌.  ഈ മാസം ചേരുന്ന പിഎസി യോഗങ്ങളിലേയ്‌ക്ക്‌ മാധബി പുരിയെ വിളിച്ചുവരുത്തിയേക്കും. കെ സി വേണുഗോപാൽ അധ്യക്ഷനായ പിഎസിയിൽ ലോക്‌സഭയിലെ 15ഉം രാജ്യസഭയിലെ ഏഴും അംഗങ്ങളാണുള്ളത്‌.

വീണ്ടും ആരോപണം
സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരായി വീണ്ടും അഴിമതി ആരോപണവുമായി കോൺഗ്രസ്‌. വിപണിയിൽ ക്രമക്കേടുകൾ കാട്ടിയതിന്‌ സെബിയുടെ അന്വേഷണത്തിലുള്ള സ്ഥാപനത്തിന്റെ സഹസ്ഥാപനത്തിൽ നിന്ന്‌ മാധബി വാടകവരുമാനം നേടിയെന്നാണ്‌ ആരോപണം. 2018 മുതൽ 2024 വരെയുള്ള കാലയളവിൽ 2.16 കോടി രൂപയാണ്‌ വാടകയിനത്തിൽ മാധബിക്ക്‌ ലഭിച്ചതെന്ന്‌ കോൺഗ്രസ്‌ വക്താവ്‌ പവൻ ഖേര പറഞ്ഞു.വിവിധ ക്രമക്കേടുകളുടെ പേരിൽ സെബിയുടെ അന്വേഷണത്തിലുള്ള വൊക്കാർഡ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുടെ സഹസ്ഥാപനമായ കരോൾ ഇൻഫോ സർവ്വീസസിൽ നിന്നാണ്‌ മാധബിക്ക്‌ വാടക വരുമാനം ലഭിച്ചത്‌.
സെബി ബോർഡംഗം, ചെയർപേഴ്‌സൺ എന്നീ തസ്‌തികകളിൽ ഇരിക്കെ ഐസിഐസിഐ ബാങ്കിൽ പ്രതിഫലം പറ്റുന്ന പദവിയിൽ ഇരുന്നുകൊണ്ട്‌ 2017–-24 കാലയളവിൽ 16.8 കോടി രൂപ മാധബി നേടിയതായി നേരത്തെ കോൺഗ്രസ്‌ ആരോപിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top