22 December Sunday
സെബി മേധാവി മാധബി പുരി ബുച്ചിന്‌ അദാനിയുടെ നിഴൽക്കമ്പനികളിൽ നിക്ഷേപമുണ്ടെന്ന്‌ വെളിപ്പെടുത്തൽ

ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌  ; തകരുന്നത്‌ സെബിയുടെ വിശ്വാസ്യത

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


ന്യൂഡൽഹി
ഹിൻഡൻബർഗ്‌ റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങൾ പുറത്തുവന്നതോടെ ചോദ്യംചൈയ്യപ്പെടുന്നത്‌ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌സ്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യയുടെ (സെബി) വിശ്വാസ്യത. ധനമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമാണിത്‌. സെബി മേധാവി മാധബി പുരി ബുച്ചിന്‌ അദാനിയുടെ നിഴൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലാണ്‌ റിപ്പോർട്ടിലുള്ളത്‌. അദാനി ഗ്രൂപ്പിന്റെ ഓഹരിത്തട്ടിപ്പ്‌ സംബന്ധിച്ച്‌ ഒന്നരവർഷം മുമ്പ്‌ ഹിൻഡൻബർഗ്‌ പുറത്തുവിട്ട വെളിപ്പെടുത്തലുകളിൽ സെബി നിഷ് പക്ഷ അന്വേഷണം നടത്തിയില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.

യുഎസ്‌ ആസ്ഥാനമായ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ ഒന്നാം റിപ്പോർട്ടിനെ തുടർന്ന്‌ അന്വേഷണം നടത്തിയെങ്കിലും സെബി അദാനിക്ക്‌ ക്ലീൻചിറ്റ്‌ നൽകി. ഹിൻഡൻബർഗിന്‌ കാരണം കാണിക്കൽ നോട്ടീസും നൽകി. അദാനിക്ക്‌ വലിയ നഷ്‌ടമുണ്ടാക്കി എന്നാരോപിച്ചായിരുന്നു ഇത്‌. അന്വേഷണത്തിൽ സെബി ഒത്തുകളിച്ചെന്നാണ്‌ പുതിയ റിപ്പോർട്ട്‌. സെബിയുടെ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന അദാനിയുടെ ആത്മവിശ്വാസത്തിന്‌ പിന്നിൽ സെബി മേധാവിയുമായുള്ള ബന്ധമാണെന്നും യഥാർഥ അന്വേഷണം നടത്തിയാൽ മേധാവിയും കുടുങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിന്‌ മുമ്പും സെബി മേധാവിതന്നെ അദാനിക്കെതിരായ അന്വേഷണം അട്ടിമറിച്ചിരുന്നു. ഇന്ത്യയിൽനിന്ന്‌ കടത്തിയ കള്ളപ്പണം അദാനി കമ്പനികളിലേക്ക്‌ നിക്ഷേപമായി വരുന്നുവെന്ന്‌ ഡിആർഐ 2014ൽ റിപ്പോർട്ട്‌  നൽകിയിട്ടും അന്ന്‌ സെബി ചെയർമാനായിരുന്ന ഉപേന്ദ്രകുമാർ സിൻഹ അത്‌ പൂഴ്‌ത്തി. അന്വേഷണം ആരംഭിച്ചത്‌ 2020ൽ മാത്രം. അപ്പോൾ സിൻഹ സെബി ചെയർമാൻ സ്ഥാനത്തുനിന്ന്‌ വിരമിച്ചിരുന്നു. അദാനി ഏറ്റടുത്ത എൻഡിടിവിയുടെ നോൺ–-എക്‌സിക്യൂട്ടീവ്‌ ചെയർമാനായും സിൻഹ മാറി.

മാധബിക്ക്‌ വൻ നിക്ഷേപം 
ധവൽ ബുച്ചിന്‌ ഉപദേശക പദവിയും
അദാനിയുടെ സഹോദരൻ വിനോദ്‌ അദാനിക്ക്‌ ബന്ധമുള്ള കടലാസ്‌ കമ്പനിയിൽ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനും ഭർത്താവ്‌ ധവൽ ബുച്ചിനും 2015 മുതൽ നിക്ഷേപമുണ്ടെന്നാണ്‌ രണ്ടാം ഹിൻഡൻബർഗ്‌ റിപ്പോർട്ടിലെ പ്രധാന ആരോപണം. വിനോദ്‌ അദാനിയുടെ മൗറീഷ്യസിലുള്ള  ഐപിഇ പ്ലസ്‌ ഫണ്ടിലായിരുന്നു നിക്ഷേപം. ഫണ്ടിന്റെ സ്ഥാപകനും ചീഫ് ഇൻവെസ്റ്റ്‌മെന്റ്‌ ഓഫീസറും (സിഐഒ) അദാനി എന്റർപ്രൈസസിന്റെ ഡയറക്ടറായിരുന്ന അനിൽ അഹൂജയായിരുന്നു.

 2017 ഏപ്രിലിൽ, മാധബി സെബിയുടെ മുഴുവൻ സമയ അംഗമാകുന്നതിന്‌ ആഴ്‌ചകൾക്ക്‌ മുമ്പ്‌ മാധബിയുടെ പേര്‌ ഫണ്ടിന്റെ ഉടമസ്ഥാവകാശത്തിൽനിന്ന്‌ നീക്കാനും തനിക്കുമാത്രം അവകാശമാക്കാനും ഭർത്താവ്‌ കത്തുനൽകി. 2018 ഫെബ്രുവരി 26 ന് മാധബിക്ക്‌ ഇമെയിലായി ലഭിച്ച അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിൽ ഫണ്ടിന്റെ ഘടനയടക്കമുണ്ട്‌. 2017 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ മാധബിക്ക്‌ അഗോറ പാർട്‌ണേഴ്‌സ് എന്ന സിംഗപ്പുർ കമ്പനിയിലും നിക്ഷേപമുണ്ടായിരുന്നു. സെബി തലപ്പത്ത്‌ എത്തിയതിന്‌ പിന്നാലെ ഓഹരികൾ ഭർത്താവിന്റെ പേരിലേക്ക്‌ മാറ്റി.

റിയൽ എസ്റ്റേറ്റിലോ ഓഹരി വിപണിയിലോ പ്രവൃത്തിപരിചയമില്ലാത്ത ധവൽ ബുച്ച്‌ 2019ൽ ആഗോളനിക്ഷേപ കമ്പനിയായ ബ്ലാക്ക്‌സ്‌റ്റോണിന്റെ മുതിർന്ന ഉപദേശകനായെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലാക്ക്‌സ്‌റ്റോൺ സ്‌പോൺസർ ചെയ്‌ത റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റായ ‘മൈൻഡ്‌സ്‌പേസിന്‌’ മാധബി അംഗമായ സെബി ഐപിഒ അംഗീകാരം നൽകി. ഭർത്താവ് ഡയറക്ടറായ അഗോറ അഡ്വൈസറി എന്ന ഇന്ത്യൻ കൺസൾട്ടിങ്‌ ബിസിനസിൽ മാധബിക്ക്‌ നിലവിൽ 99 ശതമാനം ഓഹരിയുണ്ട്‌. 2022ൽ 2.19 കോടി രൂപ കൺസൽട്ടിങ്ങിലൂടെ വരുമാനവും ലഭിച്ചു. ഇത്‌ മാധബിയുടെ ശമ്പളത്തിന്റെ നാലിരട്ടിയോളം വരും–-റിപ്പോർട്ടിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top