ന്യൂഡൽഹി
അലഹബാദ് ഹൈക്കോടതി ജഡ്‌ജി ശേഖർകുമാർ യാദവ് വിശ്വഹിന്ദുപരിഷത്ത് വേദിയിൽ വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ അടിയന്തര ചർച്ച വേണമെന്ന ആവശ്യം നിരാകരിച്ച് രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ് ധൻഖർ. ‘ഇത് ഹിന്ദുസ്ഥാനാണ്. ഭൂരിപക്ഷത്തിന്റെ ഇഷ്‌ടമേ ഇവിടെ നടക്കൂ. അതാണ് നിയമം’ –- തുടങ്ങിയ ആക്രോശങ്ങളും മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള അവഹേളന പരാമർശങ്ങളുമാണ് ജഡ്‌ജി നടത്തിയത്. ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവർക്കെതിരായി അടിയന്തര ചർച്ച അനുവദിക്കാനാകില്ലെന്നും ചട്ടപ്രകാരമുള്ള ചർച്ചയാണ് വേണ്ടതെന്നുമുള്ള ന്യായം പറഞ്ഞാണ് ജസ്‌റ്റിസ് യാദവിനെ സംരക്ഷിക്കുന്ന നിലപാട് രാജ്യസഭാധ്യക്ഷൻ സ്വീകരിച്ചത്. ജസ്‌റ്റിസ് യാദവിനെതിരായി കോൺഗ്രസ് എംപി രേണുക ചൗധരി നൽകിയ നോട്ടീസ് അടക്കം വിവിധ വിഷയങ്ങളിൽ പ്രതിപക്ഷാംഗങ്ങൾ നൽകിയ ആറ് നോട്ടീസുകൾ ധൻഖർ നിരാകരിച്ചു. ഇതിനുപിന്നാലെ, സഭാനേതാവ് ജെ പി നദ്ദയെ സംസാരിക്കാനായി ഏകപക്ഷീയമായി ക്ഷണിക്കുകയും ചെയ്‌തു.
ധൻഖറിനെതിരായി പ്രതിപക്ഷം അവിശ്വാസപ്രമേയം സമർപ്പിച്ചതിനെ നദ്ദ വിമർശിച്ച് സംസാരിച്ചു. പിന്നീട് ബിജെപി അംഗങ്ങൾ ബഹളമുണ്ടാക്കി നടപടി തടസ്സപ്പെടുത്തി. ബഹളം തുടർന്നതിനാൽ വെള്ളിയാഴ്‌ച ചേരാനായി പിരിഞ്ഞു. ദേശീയ ദുരന്തനിവാരണ ഭേദഗതി ബിൽ ലോക്‌സഭ വ്യാഴാഴ്‌ച ചർച്ചയ്‌ക്കുശേഷം പാസാക്കി. ഭരണഘടനയുടെ 75-–-ാം വാർഷികവുമായി ബന്ധപ്പെട്ട രണ്ടുദിവസത്തെ പ്രത്യേക ചർച്ചയ്ക്ക് ലോക്‌സഭയിൽ വെള്ളിയാഴ്‌ച തുടക്കമാകും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തുടക്കമിടും. പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകും. പ്രതിപക്ഷ പാർടി നേതാക്കൾ സംസാരിക്കും.
ജഡ്‌ജിക്കെതിരെ
ഇംപീച്ച്‌മെന്റ് നോട്ടീസ്
വിദ്വേഷ പ്രസംഗം നടത്തിയ ജഡ്‌ജി ശേഖർകുമാർ യാദവിനെ ഇംപീച്ച് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകും. രാജ്യസഭയിൽ ചുരുങ്ങിയത് അമ്പതും ലോക്‌സഭയിൽ നൂറും എംപിമാർ നോട്ടീസിൽ ഒപ്പുവയ്‌ക്കണം. ഇതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
ശേഖർകുമാർ യാദവ് പരിഗണിക്കേണ്ട കേസുകൾ മാറ്റി
വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടർന്ന് വൻ പ്രതിഷേധം നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്‌ജി ശേഖർ കുമാർ യാദവ് പരിഗണിക്കേണ്ട കേസുകളിൽ മാറ്റം. സിവിൽ കോടതികളിൽനിന്നുള്ള അപ്പീലുകളാണ് 16 മുതൽ യാദവ് പരിഗണിക്കേണ്ടത്. ചീഫ് ജസ്‌റ്റിസാണ് റോസ്‌റ്റർ സംവിധാനത്തിലെ മാറ്റം തീരുമാനിച്ചത്. ബലാത്സംഗ കേസ് പ്രതികളുടെ ജാമ്യാപേക്ഷ അടക്കമുള്ള കേസുകളാണ് യാദവ് പരിഗണിച്ചുകൊണ്ടിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..