ന്യൂഡൽഹി
കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമപ്രകാരമുള്ള കേസിൽ തമിഴ്‌നാട് മുൻ മന്ത്രി വി സെന്തിൽ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. പ്രഥമദൃഷ്ട്യാ കേസില്ലെന്ന് പറയാനാകില്ലെങ്കിലും സമീപഭാവിയിലൊന്നും വിചാരണ പൂർത്തിയാകാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്‌റ്റിൻ ജോർജ് മാസിഹ് എന്നിവർ അംഗങ്ങളായ ബെഞ്ച് ജാമ്യം അനുവദിച്ചത്. കർശനഉപാധികളോടെയാണ് ജാമ്യം. 471 ദിവസംനീണ്ട ജയിൽവാസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
സെന്തിലിന് വീണ്ടും മന്ത്രിയാകാൻ തടസ്സങ്ങളില്ലെന്ന് ഡിഎംകെ വൃത്തങ്ങൾ പ്രതികരിച്ചു. സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ‘എക്‌സിൽ’ പ്രതികരിച്ചു. 2011 മുതൽ 2015 വരെ എഐഎഡിഎംകെ മന്ത്രിസഭയില്‍ സെന്തിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്ക് കോഴവാങ്ങിയെന്നാണ് ആരോപണം. കേസിൽ കഴിഞ്ഞവർഷം ജൂണിലാണ് ഇഡി സെന്തിലിനെ അറസ്‌റ്റ് ചെയ്‌തത്.
‘ജാമ്യം പ്രയാസകരമാക്കുന്ന
വ്യവസ്ഥകളും വിചാരണയിലെ കാലതാമസവും ഒന്നിച്ചുപോകില്ല’ പിഎംഎൽഎ, യുഎപിഎ, എൻഡിപിഎസ് പോലെയുള്ള നിയമങ്ങളിലെ ജാമ്യം പ്രയാസകരമാക്കുന്ന വ്യവസ്ഥകൾ പ്രതികളെ വിചാരണ കൂടാതെ ദീർഘകാലം ജയിലിലിടാനുള്ള ഉപാധിയാക്കരുതെന്ന് സുപ്രീംകോടതി. സെന്തിൽ ബാലാജി ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് നിരീക്ഷണം. ജാമ്യമാണ് നിയമം; ജയിൽ അസാധാരണസാഹചര്യങ്ങളിൽ മാത്രമെന്ന നിയമതത്വം കോടതികൾക്ക് ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ജാമ്യം പ്രയാസകരമാക്കുന്ന നിയമങ്ങളിലെ കഠിനമായ വ്യവസ്ഥകളും വിചാരണ പൂർത്തിയാക്കാനുള്ള വലിയ കാലതാമസവും ഒന്നിച്ചുപോകില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..