12 September Thursday

‘അവകാശികളില്ലാത്ത മൃതദേഹം വിറ്റു, കൈക്കൂലി വാങ്ങി പരീക്ഷ ജയിപ്പിച്ചു'; ആർ ജി കർ പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

സ്വന്തം ലേഖകൻ
ന്യൂഡൽഹി
ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്തുനിൽക്കുന്ന കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻ ഡെപ്യൂട്ടി സൂപ്രണ്ട്. അവകാശികളില്ലാത്ത മൃതദേഹങ്ങൾ ഘോഷ്‌ വിറ്റിരുന്നുവെന്നും സുരക്ഷാസംഘത്തിലുള്ളവരുമായി ചേർന്ന്‌ ബയോമെഡിക്കൽ മാലിന്യം ബംഗ്ലാദേശിലേക്ക്‌ കടത്തിയതായും മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അഖ്‌തർ അലി ദേശീയ മാധ്യമത്തോട്‌ വെളിപ്പെടുത്തി.

2023ൽ ഡെപ്യൂട്ടി സൂപ്രണ്ടായി എത്തിയ അഖ്‌തർ അലി സന്ദീപ് ഘോഷിനെതിരായി അന്വേഷണ റിപ്പോർട്ട്‌ ആരോഗ്യവകുപ്പിന്‌ നൽകി. എന്നാൽ, റിപ്പോർട്ട്‌ നൽകിയ അതേ ദിവസം ഡെപ്യൂട്ടി സൂപ്രണ്ട്‌ സ്ഥലംമാറ്റപ്പെട്ടു. ആരോഗ്യവകുപ്പും മുഖ്യമന്ത്രി മമത ബാനർജിയാണ്‌ കൈകാര്യം ചെയ്യുന്നത്‌. കൊലപാതകക്കേസ്‌ പ്രതിയായ സഞ്ജയ്‌ റോയ്‌ ഘോഷും സൂപ്രണ്ടിന്റെ സുരക്ഷാസംഘത്തിലുണ്ടായിരുന്നു.

മാഫിയ സംഘം പ്രവർത്തിച്ചിരുന്നതുപോലെയാണ്‌ ഘോഷും കൂട്ടാളികളും പ്രവർത്തിച്ചിരുന്നതെന്ന്‌ ഘോഷിന്റെ സഹപാഠികൂടിയായിരുന്ന അലി പറഞ്ഞു. മെഡിക്കൽ കോളേജിലെ നിര്‍മാണ പ്രവൃത്തികളുടെ എല്ലാ ടെൻഡറുകൾക്കും ഘോഷ്‌ 20 ശതമാനം കമീഷൻ ഈടാക്കും. ടെൻഡറുകൾ അടുത്ത അനുയായികളായ സുമൻ ഹസ്രയ്ക്കും ബിപ്ലബ് സിംഹയ്ക്കും മാത്രമാണ്‌ നൽകിയിരുന്നത്‌. ഇവർക്ക്‌ 12 കമ്പനിയുണ്ട്‌. മുൻകൂർ പണം വാങ്ങിയശേഷം ടെൻഡർ നൽകുന്നതായിരുന്നു ഘോഷിന്റെ രീതി. പരീക്ഷ ജയിപ്പിക്കാൻ വിദ്യാർഥികളിൽനിന്ന്‌ കൈക്കൂലി വാങ്ങി. ഇതിനായി മനഃപൂർവം വിദ്യാർഥികളെ തോൽപ്പിക്കും. ഗസ്റ്റ്‌ ഹൗസിൽ വിദ്യാർഥികൾക്കായി മദ്യവും വിളമ്പി. 

ഘോഷിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച്‌ സംസ്ഥാന വിജിലൻസ്‌ കമീഷനിൽ പരാതിപ്പെട്ടിരുന്നു. ഇയാൾക്കെതിരെയുള്ള അന്വേഷണ സമിതിയിൽ അംഗമായിരുന്നെന്നും കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അഖ്‌തർ അലി വെളിപ്പെടുത്തി. ഘോഷിനെ ഉടൻ കസ്‌റ്റഡിയിൽ എടുക്കണമെന്നും മുൻ ഡെപ്യൂട്ടി സൂപ്രണ്ട്‌ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top