ന്യൂഡൽഹി > ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് പുറത്ത് നടന്ന വെടിവയ്പ്പിലും മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകവുമായും ബന്ധമുള്ള ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഏഴുപേർ അറസ്റ്റിൽ. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഏഴ് ഷൂട്ടർമാരെ സ്പെഷ്യൽ സെല്ലിന്റെ കൗണ്ടർ ഇന്റലിജൻസ് സംഘം അറസ്റ്റ് ചെയ്തതായി അഡീഷണൽ സിപി സ്പെഷ്യൽ സെൽ പ്രമോദ് കുമാർ കുശ്വാഹയാണ് അറിയിച്ചത്.
ലോറൻസ് ബിഷ്‌ണോയി സംഘത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഇവർ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റിലായത്. ആറ് സെമി ഓട്ടോമാറ്റിക് ആയുധങ്ങളും വെടിക്കോപ്പുകളും ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ കണ്ടെടുത്തു. ബാബ സിദ്ദിഖിയുടെ കൊലപാതകത്തെക്കുറിച്ചും ബിഷ്‌ണോയി സംഘത്തിന്റെ മറ്റ് പ്രവർത്തനങ്ങളെക്കുറിച്ചും ചോദ്യംചെയ്ത് വരികയാണ്.
സംഘത്തിലുള്ള റിതേഷിനെ ഒക്ടോബർ 23 ന് ഡൽഹിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. സുഖറാം എന്നയാളാണ് രാജസ്ഥാനിൽ നിന്ന് പിടിയിലായത്. പഞ്ചാബിലെ അബോഹർ, സിർസ എന്നിവിടങ്ങളിലും നിന്നും അറസ്റ്റ് നടന്നിട്ടുണ്ട്. രാജസ്ഥാനിൽ സുനിൽ പെഹൽവാൻ എന്നയാളെ കൊലപ്പെടുത്താൻ ഇവർ ആസൂത്രണം ചെയ്യുകയായിരുന്നെന്നും പ്രമോദ് കുമാർ കുശ്വാഹ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..