22 December Sunday

ഹൈദരാബാദ്‌ കേന്ദ്രസർവകലാശാലയിൽ 
വീണ്ടും എസ്‌എഫ്‌ഐ മുന്നണി ; 
 നിഹാദ് സുലൈമാൻ 
ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻUpdated: Sunday Oct 27, 2024


ന്യൂഡൽഹി
ഹൈദരാബാദ്‌ കേന്ദ്രസർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ തുടര്‍ച്ചയായ നാലാം തവണയും എസ്‌എഫ്‌ഐ നേതൃത്വത്തിലുള്ള ഇടതുപക്ഷ വിദ്യാർഥി സഖ്യത്തിന് വൻ വിജയം. എബിവിപി, എൻഎസ്‌യുഐ സംഘടനകളെ തറപറ്റിച്ച് ആറ്‌ ജനറൽ സീറ്റിൽ അഞ്ചെണ്ണവും എസ്എഫ്ഐ, ഡിഎസ്‌യു, എഎസ്‌എ, ബിഎസ്‌എഫ്‌ സഖ്യം നേടി. പ്രസിഡന്റായി ഡിഎസ്‌യുവിന്റെ ഉന്മേഷ്‌ അംബേദ്‌കർ ജയിച്ചു. എസ്‌എഫ്‌ഐയുടെ നിഹാദ് സുലൈമാൻ ജനറൽ സെക്രട്ടറിയായി.
കാസർകോട് സ്വദേശിയായ  നിഹാദ് എബിവിപിയുടെ യശ്വസിയെ 207 വോട്ടിനാണ് തോൽപ്പിച്ചത്. പൊളിറ്റിക്കൽ സയൻസ്‌ വിദ്യാർഥിയായ നിഹാദ്‌ 1390 വോട്ട്‌ നേടി. വൈസ്‌ പ്രസിഡന്റായി എഎസ്‌എയുടെ ആകാശ്‌ കുമാർ, ജോയിന്റ്‌ സെക്രട്ടറിയായി ബിഎസ്‌എഫിന്റെ ത്രിവേണി, കൾച്ചറൽ സെക്രട്ടറിയായി എഎസ്‌എയുടെ കെ വി കൃഷ്‌ണമൂർത്തി എന്നിവരും ജയിച്ചു. സ്‌പോർട്‌സ്‌ സെക്രട്ടറി സ്ഥാനം എൻഎസ്‌യുഐക്ക് ലഭിച്ചു. 

കേന്ദ്രസർവകലാശാല അധികൃതർ കൈയയച്ച് സഹായിച്ചിട്ടും എബിവിപി ഒരുഘട്ടത്തിലും വെല്ലുവിളി ഉയർത്തിയില്ല. വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണം, മോദി സര്‍ക്കാര്‍ ഫെലോഷിപ്പുകൾ വെട്ടിക്കുറച്ചത്‌, എബിവിപിയുടെ അക്രമരാഷ്‌ട്രീയം തുടങ്ങിയ വിഷയങ്ങളുയർത്തിയാണ് ഇടതുപക്ഷ സഖ്യം പ്രചാരണം നടത്തിയത്‌. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന ആഹ്ലാദ പ്രകടനം രോഹിത്‌ വെമുല സ്‌മാരകത്തിൽ അവസാനിച്ചു. കൂറ്റൻ വിജയം സമ്മാനിച്ച വിദ്യാർഥികളെ എസ്‌എഫ്‌ഐ അഭിവാദ്യം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top