26 December Thursday

ഇഫ്ലു ക്യാംപസിലെ വിദ്യാർഥികളുടെ പോരാട്ടത്തിന്‌ ഐക്യദാർഢ്യവുമായി എസ്‌എഫ്‌ഐ

സ്വന്തം ലേഖകൻUpdated: Saturday Oct 21, 2023

ന്യൂഡൽഹി> ലിംഗനീതിക്കും അക്രമരഹിത ക്യാംപസിനും വേണ്ടി ഹൈദരാബാദിലെ ഇംഗ്ലീഷ്‌ ആൻഡ്‌ ഫോറിൻ ലാംഗ്വേജ്‌ യൂണിവേഴ്‌സിറ്റി (ഇഫ്ലു) വിദ്യാർഥികൾ നടത്തുന്ന പോരാട്ടങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐ. വിദ്യാർഥികൾ ഉന്നയിച്ചിട്ടുള്ള ഗൗരവമേറിയ വിഷയങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ സർവ്വകലാശാല അധികൃതർ പുലർത്തുന്ന ഉദാസീനതയും നിഷ്‌ക്രിയത്വവും കുറ്റകരമാണ്‌. ഇഫ്ലുക്യാംപസിനുള്ളിൽ ഒരു വിദ്യാർഥിനിക്ക്‌ നേരെ ലൈംഗികാതിക്രം ഉണ്ടായെന്ന്‌ പരാതിയിൽ കുറ്റവാളികൾക്ക്‌ എതിരെ കർശനനടപടി സ്വീകരിക്കുന്നതിന്‌ പകരം സർവ്വകലാശാല അധികൃതർ നീതിക്കായി പോരാടിയ വിദ്യാർഥികൾക്ക്‌ നേരെ പ്രതികാര മനോഭാവത്തോടെ നടപടി സ്വീകരിക്കുകയാണ്‌ ചെയ്‌തത്‌. പ്രതിഷേധിച്ച വിദ്യാർഥികൾക്ക്‌ എതിരെ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള കേസ്‌ അടിയന്തിരമായി പിൻവലിക്കണം.

ഒട്ടും താമസിക്കാതെ വിസിയും പ്രോക്ടറും സ്ഥാനമൊഴിയണം. വിദ്യാർഥികളുടെ ജനാധിപത്യഅവകാശങ്ങളെ മാനിക്കാത്ത പിടിപ്പുകെട്ടവർ സർവ്വകലാശാലയുടെ തലപ്പത്ത്‌ ഇരിക്കുമ്പോൾ നീതി പ്രതീക്ഷിക്കാനാകില്ല. ക്യാംപസുകളിലെ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യേണ്ട സ്‌പർശ്‌ കമിറ്റികൾ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച്‌ വിദ്യാർഥികൾ സമരം ചെയ്യുന്ന അവസരത്തിലാണ്‌ ഇഫ്ലു ക്യാംപസിൽ വിദ്യാർഥിനിക്ക്‌ നേരെ അതിക്രമമുണ്ടായത്‌. ക്യാംപസുകളിൽ ജെന്റർ സെൻസിറ്റേഷൻ കമ്മിറ്റി എഗെൻസ്റ്റ്‌ സെക്ഷ്വൽ ഹരാസ്‌മെന്റ്‌ (ജിഎസ്‌കാഷ്‌) രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഇഫ്ലു സംഭവം വിരൽചൂണ്ടത്‌. അവകാശങ്ങൾക്കായി പോരാടുന്ന ഇഫ്ലു ക്യാംപസിലെ വിദ്യാർഥികൾക്ക്‌ പിന്തുണയുമായി രംഗത്തിറങ്ങാൻ വിദ്യാർഥി സമൂഹത്തോട്‌ എസ്‌എഫ്‌ഐ കേന്ദ്ര എക്‌സിക്യൂടീവ്‌ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top