മുംബൈ> ഗൗതം അദാനിയുടെ ഇടനിലയില്‍ ചര്‍ച്ച നടത്തിയിരുന്നെന്ന അജിത് പവാറിന്റെ വെളിപ്പെടുത്തല്‍ ശരിവെച്ച് ശരദ് പവാര്‍. അദാനി പങ്കെടുത്ത മീറ്റിങ് അദ്ദേഹത്തിന്റെ വസതിയില്‍വച്ചാണ് നടന്നത് എന്നും വ്യക്തമാക്കി. 2019-ല്‍ മഹാരാഷ്ട്ര നിമയമസഭ തിരഞ്ഞെടുപ്പിനുശേഷം അവിഭക്ത എന്‍സിപിയുമായി ബിജെപി നടത്തിയ വിശപേശലിന്റെ കൂടുതൽ തെളിവുകൾ ഇതോടെ പുറത്തെത്തുകയാണ്. ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിലാണ് ശരദ് പവാർ ചർച്ചയെ കുറിച്ചുള്ള വാർത്തകൾ ശരിവെച്ചത്.
അദാനി ഇതിനായി അത്താഴവിരുന്ന് നടത്തിയെന്നും സമ്മതിച്ചു. എന്നാല്‍ രാഷ്ട്രീയ ചര്‍ച്ചകളുടെ വിഷയം ശരദ് പവാര്‍ പുറത്തു വിട്ടില്ല. അജിത് പവാറിന്റെ വെളിപ്പെടുത്തല്‍ വിവാദമായി തുടരവെ രണ്ട് ദിവസത്തിനുശേഷമാണ് അവ ശരിവെക്കുന്ന വിശദീകരണവുമായി ശരദ് പവാര്‍ രംഗത്തെത്തിയത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ കുതന്ത്രങ്ങളിലെ അദാനിയുടെ ബന്ധങ്ങളും ഇതോടെ മറ നീക്കി.
ദേശീയ മാധ്യമമായ ദ ന്യൂസ് മിനിറ്റിന് നല്‍കിയ വ്യത്യസ്ത അഭിമുഖങ്ങളിലാണ് അജിത് പവാറിന്റെയും ശരദ് പവാറിന്റെയും തുറന്നു പറച്ചിൽ ഉണ്ടായിരിക്കുന്നത്. അദാനി, അമിത് ഷാ, അജിത് പവാര്‍ എന്നിവരായിരുന്നു അവിടെ ഉണ്ടായിരുന്നത് എന്നും പറയുന്നു. ഉന്നത വ്യക്തികളിൽ നിന്ന് എന്തുകൊണ്ട് കേട്ടുകൂടാ എന്ന് സഹപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. അതുകൊണ്ടാണ് അമിത് ഷായുടെ സാന്നിധ്യത്തില്‍ അദാനിയുടെ വസതിയില്‍ അത്താഴവിരുന്നില്‍ പങ്കെടുത്തത്.
ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയും, അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്ത 2019 ലെ സർക്കാർ 80 മണിക്കൂറാണ് നിലനിന്നത്. ഈ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു തൊട്ട് മുമ്പാണ് വിലപേശൽ ഭീഷണി ചർച്ച എന്നാണ് ഇതോടെ പുറത്തു വരുന്നത്. അന്ന് അവിഭക്ത എൻസിപി വിട്ട എം എൽ എമാർ തിരികെ മാതൃ സംഘടനയിലേക്ക് തന്നെ പോയതോടെയാണ് അജിത് പവാറിന്റെ ആദ്യ ശ്രമം തകർന്നത്. എന്നാൽ 2023 ൽ വീണ്ടും പാർട്ടി പിളർന്ന് അധികാരത്തിന്റെ ഭാഗമായി.
കേന്ദ്ര ഏജൻസികളെ അധികാരം പിടിക്കാൻ ഉപയോിക്കുന്നതായുള്ള വിമർശനങ്ങളെയും അജിത് പവാറിന്റെ വെളിപ്പെടുത്തൽ ശരിവെക്കുന്നുണ്ട്. ഇത്തരം ഏജൻസികളെ ഉപയോഗിച്ച് ഒരേ സമയം ഭീഷണിയും പ്രലോഭനവുമാണ് അധികാരം അട്ടമറിക്കാനും ഉറപ്പിക്കാനുമായി പ്രയോഗിക്കുന്നത്. കോൺഗ്രസും ശിവസേന ഉദ്ദവ് താക്കറെ പക്ഷവും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ അജിത് പവാറിന്റെ പരാമർശങ്ങൾ ആയുധമാക്കി രംഗത്തെത്തിയിട്ടുണ്ട്.
കേന്ദ്ര ഏജന്‍സികളില്‍നിന്ന് കേസുകള്‍ നേരിട്ട എന്‍സിപി സഹപ്രവര്‍ത്തകരും തന്നെ സമീപിച്ചിരുന്നു. ഇവരിൽ പലരും ബിജെപിയുമായി കൈകോര്‍ത്താല്‍ കേസുകള്‍ ഇല്ലാതാകുമെന്ന് ഉറപ്പ് ലഭിച്ചതായി വ്യക്തമാക്കിയിരുന്നതായും ശരദ് പവാർ പറഞ്ഞു. എന്നാൽ ബി ജെ പി വാഗ്ദാനം പാലിക്കുമെന്ന് തനിക്ക് ഒട്ടും ബോധ്യമില്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിന്‍വാങ്ങുകയാണ് ചെയ്തത്.
'അത് ഡല്‍ഹിയിലെ പ്രമുഖ വ്യവസായിയുടെ വസതിയിലായിരുന്നു. അവിടെ തന്നെ അഞ്ച് മീറ്റിങ്ങുകള്‍ നടന്നു. അമിത് ഷാ അവിടെ ഉണ്ടായിരുന്നു, ഗൗതം അദാനിയും ഉണ്ടായിരുന്നു, ചർച്ചകളിൽ പ്രഫുല്‍ പട്ടേല്‍, ദേവേന്ദ്ര ഫഡ്‌നാവിസ്, പവാര്‍ സാഹിബ് എന്നിവരുണ്ടായിരുന്നു. എല്ലാം തീരുമാനിച്ചിരുന്നു' കൂടിക്കാഴ്ടയെ പരാമര്‍ശിച്ച് അജിത് പവാര്‍ പറഞ്ഞത് ഇങ്ങനെയാണ്. 2019 ൽ പാർട്ടി പിളർത്തി അധികാരത്തിലെത്തിയതിന് പിന്നിലെ ഇടനില ചർച്ചയുടെ വിവരങ്ങളാണ് തുറന്നിട്ടത്. എന്നാൽ തന്റെ വാക്കുകൾ തെറ്റദ്ധരിക്കപ്പെട്ടു എന്ന് പറഞ്ഞ് ഇക്കാര്യങ്ങൾ പിന്നീട് അജിത് പവാർ നിഷേധിച്ചു.
അധികാര അട്ടിമറി ചർച്ചയിൽ താൻ മാത്രം പഴികേട്ടു എന്ന പ്രതിഷേധവും അജിത് പവാർ പ്രകടിപ്പിച്ചിരുന്നു. അതിന്‌റെ പഴി എന്‌റെ മേല്‍ വീണു, ഞാനത് ഏറ്റെടുത്തു, കുറ്റം ഞാന്‍ ഏറ്റെടുക്കുകയും മറ്റുള്ളവരെ സുരക്ഷിതരാക്കുകയും ചെയ്യുകയാണ് ഉണ്ടായത് എന്നായിരുന്നു വാക്കുകൾ.
2014ൽ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിച്ചപ്പോൾ എൻസിപി പിന്തുണ പ്രഖ്യാപിച്ച കാര്യവും അജിത് പവാർ സൂചിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൻസിപി വക്താവ് പ്രഫുൽ പട്ടേലാണ് ബിജെപിയെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചതെന്ന് അജിത് ചൂണ്ടിക്കാട്ടി. സർക്കാർ രൂപീകരണത്തിനു വേണ്ടി മാത്രമായായിരുന്നു ആ പിന്തുണ. ഇതിനുശേഷമാണ് ബിജെപിയും ശിവസേനയും ഒന്നിക്കുന്നതെന്നും അജിത് പറഞ്ഞു.
എന്തുകൊണ്ട് ശരദ് പവാര്‍ ബിജെപിക്കൊപ്പം പോയില്ല എന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നായിരുന്നു അജിത്തിന്‌റെ മറുപടി. 'ലോകത്ത് ആര്‍ക്കും വായിക്കാന്‍ കഴിയാത്ത നേതാവാണ് പവാര്‍ സാഹിബ്. അദ്ദേഹത്തിന്‌റെ മനസ് ആന്‌റിക്കും(ശരദ് പവാറിന്‌റെ ഭാര്യ പ്രതിഭ) ഞങ്ങളുടെ സുപ്രിയ(സുലേ)യ്ക്ക് പോലും അറിയില്ല- എന്നാണ് പ്രതിവചിച്ചത്.
'ന്യൂസ്‌ലോൺഡ്രി'യുടെ ശ്രീനിവാസൻ ജെയിനിനു നൽകിയ അഭിമുഖത്തിലാണ് 2019ൽ മൂന്നു ദിവസം മാത്രം ആയുണ്ടായിരുന്ന ബിജെപി-എൻസിപി സർക്കാർ രൂപീകരണത്തിനു പിന്നിൽ നടന്ന ചർച്ചയെ കുറിച്ച് അജിത് പവാർ സംസാരിച്ചത്. ഡൽഹിയിലെ അദാനിയുടെ വസതിയിലായിരുന്നു നേതാക്കൾ ചർച്ചയ്ക്കായി കൂടിയതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയും താൻ ഉപമുഖ്യമന്ത്രിയുമായി സർക്കാർ രൂപീകരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇക്കാര്യങ്ങൾ ശരദ് പവാറും ശരിവെച്ചതോടെ അജിത്തിന്റെ പിന്നാലെ ഇറങ്ങിയ നിഷേധക്കുറിപ്പ് പൊളിഞ്ഞു. അഭിമുഖമയതിനാൽ പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കാനും കഴിഞ്ഞില്ല.
നവംബര്‍ 20ന് നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഇത് പുതിയ ചർച്ചകൾക്ക് വഴി തുറക്കുകയാണ്. അഘാഡി സർക്കാരിനെ അട്ടിമറിച്ച് മഹായുതി സർക്കാർ അധികാരം പിടിച്ചതിന് പിന്നിലെ ശതകോടീശ്വര വ്യവസായിയുടെ ബാന്ധവം സുവ്യക്തമായി. മോഡി അദാനി ബാന്ധവം സംബന്ധിച്ച പ്രതിപക്ഷ വെളിപ്പെടുത്തലുകൾക്ക് സാക്ഷി മൊഴികളുമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..