അങ്കോള > കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചലിൽ അകപ്പെട്ട മലയാളി അർജുന് വേണ്ടിയുള്ള തിരച്ചിൽ 12-ാം ദിവസത്തിലേക്ക്. സ്ഥലത്ത് ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് അർജുനും മണ്ണിനടിയിൽ അകപ്പെട്ട മറ്റ് മൂന്ന് പേർക്കും വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നത്. ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമായി നിൽക്കുന്നതും മഴ തുടരുന്നതും തിരച്ചിലിന് തിരിച്ചടിയാണ്. വെള്ളിയാഴ്ച രാവിലെ പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ജൂലായ് 16-ന് രാവിലെയാണ് കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നു പോകുകയായിരുന്ന കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടം.
വെള്ളിയാഴ്‌ച തിരച്ചിലിൽ ട്രക്കിന്റെ കൂടുതൽ മിഴിവുള്ള ഐ ബോർഡ് റഡാർ സിഗ്നൽ നാലാം പോയിന്റിൽ കിട്ടിയെന്ന് ദൗത്യസംഘം പറഞ്ഞിരുന്നു. വ്യാഴാഴ്‌ച മൂന്നാം പോയിന്റിലായിരുന്ന ട്രക്ക് തെന്നിനീങ്ങിയതാകാമെന്നാണ് നിഗമനം. വെള്ളിയാഴ്‌ചത്തെ തിരച്ചിൽ വൈകിട്ട് അഞ്ചരയോടെ നിർത്തുകയും ചെയ്തു. കണ്ടെത്തിയ പുതിയ സിഗ്നൽ ട്രക്കാണെന്ന് ഏതാണ്ട് ഉറപ്പിക്കാമെന്നാണ് കലക്ടർ ലക്ഷ്‌മിപ്രിയയും എസ്‌പി എം നാരായണയും കഴിഞ്ഞ ദിവസം പറഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..