അങ്കോള> ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. നേരത്തെ തിരച്ചിൽ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുമായി ഫോണിൽ സംസാരിച്ചതിനെത്തുടർന്ന് തിരച്ചിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.
നദിയിൽ തിരച്ചിൽ നടത്തുന്നതിനായുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് ഷിരൂരിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയാണ്. കാർഷിക സർവകലാശാലയുടെ കൈവശമുള്ള അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ എത്തിക്കാനാണ് ശ്രമിക്കുന്നത്. പുഴയിലെ മണ്ണും ചെളിയും നീക്കി ലോറിയുണ്ടോ എന്ന് പരിശോധിക്കനാണ് നീക്കം. 24 മണിക്കൂറിനകം തൃശൂരിൽ നിന്ന് യന്ത്രം എത്തിക്കാമെന്ന് എം വിജിൻ എംഎൽഎ അറിയിച്ചെങ്കിലും പ്രായോഗിക പരിശോധനക്ക് ശേഷം എത്തിച്ചാൽ മതിയെന്നാണ് കർണാടക മറുപടി നൽകിയത്.
പരിശോധനക്കായി തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് തിരിച്ചിട്ടുണ്ട്. നദിയിലെ കുത്തൊഴുക്കിൽ യന്ത്രം ഉറപ്പിച്ച് നിർത്താനാവുമോ എന്ന് പരിശോധിക്കും. ഹിറ്റാച്ചി ബോട്ടിൽ കെട്ടി നിർമ്മിച്ച അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന് 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റും.
കാലാവസ്ഥ പൂർണ്ണമായും അനുകൂലമായാൽ മാത്രമേ തിരച്ചിൽ നടത്താൻ സാധിക്കൂ എന്നാണ് കാർവാർ എംഎൽഎ സതീഷ് സെയിൽ നിലവിൽ അറിയിക്കുന്നത്. സാധ്യമായതെല്ലാം ചെയ്തു എന്നാണ് എംഎൽഎ പറയുന്നത്. തിരച്ചിൽ നിർത്താതിരിക്കാൻ കേരളം സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള എംഎൽഎമാർ ജില്ലാ കളക്ടറുമായി ഇന്ന് വീണ്ടും കൂടിക്കാഴ്ച്ച നടത്തും. നിലവിൽ നേവിസംഘം ഇവിടെയെത്തി പരിശോധനകൾ നടത്തുന്നുണ്ട്. ഇന്ന് ഗംഗാവലി പുഴയുടെ തീരത്ത് പരിശോധന നടത്താനാണ് തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..