അങ്കോള > ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നത് സംബന്ധിച്ച് വ്യക്തത നൽകാതെ കർണാടക സർക്കാർ. നേരത്തെ തിരച്ചിൽ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുമായി ഫോണിൽ സംസാരിച്ചതിനെത്തുടർന്ന് തിരച്ചിൽ തുടരുമെന്ന് അറിയിച്ചെങ്കിലും ദുരന്തബാധിത മേഖലയിൽ ഇതിനായുള്ള നീക്കങ്ങളൊന്നും നടക്കുന്നില്ല. രാവിലെ നേവിസംഘം പ്രദേശത്ത് എത്തിയെങ്കിലും ഗംഗാവലി പുഴയിൽ പരിശോധന നടത്താതെ മടങ്ങി.
കാലാവസ്ഥ പൂർണ്ണമായും അനുകൂലമായാൽ മാത്രമേ തിരച്ചിൽ നടത്താൻ സാധിക്കൂ എന്നാണ് കാർവാർ എംഎൽഎ സതീഷ് സെയിൽ അറിയിക്കുന്നത്. സാധ്യമായതെല്ലാം ചെയ്തു എന്നാണ് നിലപാട്. തിരച്ചിൽ നിർത്താതിരിക്കാൻ കേരളം സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള എംഎൽഎമാർ ജില്ലാ കളക്ടറുമായി ഇന്ന് വീണ്ടും കൂടിക്കാഴ്ച്ച നടത്തും. കർണാടക സർക്കാരിന് രക്ഷാദൗത്യം പൂർണമായും ഉപേക്ഷിച്ച മട്ടാണെന്ന് എം വിജിൻ എംഎൽഎ പറഞ്ഞു. ദൗത്യം തുടരുമെന്ന് അറിയിച്ചവരെ ആരെയും പ്രദേശത്ത് കാണാനില്ലെന്നും അദ്ദേഹം വിമർശിച്ചു.
നദിയിൽ തിരച്ചിൽ നടത്തുന്നതിനായുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ ഷിരൂരിലേക്ക് എത്തിക്കാമെന്ന് എംഎൽഎ അറിയിച്ചിരുന്നെങ്കിലും പ്രായോഗിക പരിശോധനക്ക് ശേഷം എത്തിച്ചാൽ മതിയെന്നാണ് കർണാടക സർക്കാരിന്റെ മറുപടി. പരിശോധനക്കായി തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് തിരിച്ചിട്ടുണ്ട്. നദിയിലെ കുത്തൊഴുക്കിൽ യന്ത്രം ഉറപ്പിച്ച് നിർത്താനാവുമോ എന്ന് പരിശോധിക്കും. അടിയൊഴുക്ക് നാല് നോട്സിൽ താഴെയെത്തിയാൽ മാത്രമേ അനുമതി കിട്ടാൻ സാധ്യതയുള്ളൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..