അങ്കോള
ഷിരൂരിൽ മണ്ണിടിഞ്ഞ സ്ഥലത്ത് കാണാതായ ട്രക്ക് ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനടക്കം മൂന്നുപേരെ കണ്ടെത്താൻ തിരച്ചിൽ പത്തുദിവസംകൂടി നീളും. ദിവസം എട്ടു മണിക്കൂർ വീതം 80 മണിക്കൂർ തിരച്ചിലിനുള്ള മണ്ണ് നീക്കുമെന്ന് സ്ഥലത്തുള്ള മന്ത്രി മംഗൾ വൈദ്യ, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ എന്നിവർ പറഞ്ഞു.
ഗോവയിൽനിന്നെത്തിച്ച ഡ്രഡ്ജറിന്റെ രണ്ടാംനാളത്തെ തിരച്ചിലിൽ, അർജുന്റെ ട്രക്കിനൊപ്പം പുഴയിൽവീണ ടാങ്കർ ലോറിയുടെ എൻജിൻ, മണ്ണിടിഞ്ഞ് മരിച്ച ചായക്കടക്കാരൻ ലക്ഷ്മണയുടെ ആക്ടിവ സ്കൂട്ടർ എന്നിവ കണ്ടെത്തി. സ്കൂട്ടർ കണ്ടെത്തി മാർക്ക് ചെയ്തത് മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയാണ്. ഇതിനൊപ്പം അർജുൻ്റെ ട്രക്കിലുണ്ടായിരുന്ന ഒരു മരത്തടി കൂടി കണ്ടെത്തി. മൂന്നു ദിവസമായി 20 മണിക്കൂർ തിരഞ്ഞിട്ടും ശരീരഭാഗങ്ങളോ അർജുന്റെ ട്രക്കിന്റെ ഭാഗമോ ഇതുവരെ കണ്ടെത്താനായില്ല.
തിങ്കളാഴ്ച മുതലുള്ള തിരച്ചിലിൽ മേജർ ജനറൽ ഇന്ദ്രബാലന്റെ സഹായം ഉത്തരകന്നഡ ജില്ലാ അധികൃതർ നേടിയിട്ടുണ്ട്. നേവി സംഘവും ആവശ്യമെങ്കിൽ എത്തും. നിലവിൽ ഗംഗാവലി പുഴയിലെ തിരച്ചിലിന് സമീപം എൻഡിആർഎഫ്, എസ്ഡിആർ എഫ് സംഘവും ഡിങ്കി ബോട്ടിൽ തിരച്ചിൽ നടത്തുന്നുണ്ട്. ഡ്രഡ്ജിങ് കമ്പനിയുടെ നാല് മുങ്ങൽ വിദഗ്‌ധരും ഉണ്ട്. ഇവരുടെ നിർദേശപ്രകാരം തീരത്തെ മണ്ണാണ് ഡ്രഡ്ജറിൽ നീക്കുന്നത്.
മൽപെ ദൗത്യം മതിയാക്കി
ഉത്തര കന്നഡ ജില്ലാ അധികൃതരുടെ അവഗണനയിലും നിസ്സഹകരണത്തിലും പ്രതിഷേധിച്ച് മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഷിരൂർ ദൗത്യം ഉപേക്ഷിച്ചു. പുഴയിലിറങ്ങാനോ, കണ്ടെത്തിയ വസ്തുക്കൾ യഥാസമയം മാർക്ക് ചെയ്ത് കരക്കുകയറ്റാനോ അധികൃതർ അനുമതി നൽകുന്നില്ല. ഡ്രഡ്ജിങ് കമ്പനിയുടെ മുങ്ങൽ വിദഗ്‌ധർ തിരച്ചിൽ നടത്തിയാൽ മതിയെന്നാണ് അധികൃതരുടെ നിലപാട്. ഔദ്യോഗിക തിരച്ചിലാണ് നടക്കുന്നതെന്നും മൽപെയെ പോലുള്ളവരുടെ സ്വകാര്യ തിരച്ചിൽ അംഗീകരിക്കില്ലെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
പുഴയിൽ വീണ സ്കൂട്ടർ, മരത്തടി, ടാങ്കർ ലോറിയുടെ ടയർ, കാബിൻ തുടങ്ങിയവ കണ്ടെത്തിയത് മൽപെയുടെ തിരച്ചിലിലാണ്. ഇതേ തുടർന്ന് മൽപെയ്ക്ക് കിട്ടിയ മാധ്യമ ശ്രദ്ധയാണ് അധികൃതരെ ചൊടിപ്പിച്ചത്. കർണാടക സർക്കാരിന്റെ നിസംഗതയെ ചോദ്യംചെയ്തതും മൽപെയ്ക്ക് ദോഷമായി. കോഴിക്കോട്ടെ അർജുന്റെ അമ്മയെ വിളിച്ച് നിസ്സഹായത അറിയിച്ചാണ് മൽപെ സ്വദേശമായ ഉഡുപ്പിയിലേക്ക് മടങ്ങിയത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..