ന്യൂഡല്‍ഹി> ആഘോഷപൂർവ്വം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മഹാരാഷ്ട്ര സിന്ധുദുര്‍ഗിലെ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന് വീണ സംഭവത്തിൽ കേന്ദ്ര മന്ത്രി നിതിന്‍ ഗ്ഡകരിയുടെ പ്രതികരണം.
"ശ്രദ്ധ വേണമായിരുന്നു. നിര്‍മിക്കാന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചുന്നെങ്കില്‍ പ്രതിമ തകരുന്നത് ഒഴിവാക്കാമായിരുന്നു. കടലോര മേഖലകളില്‍ തുരുമ്പ് പിടിക്കാത്ത അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാട്ടിയിരുന്നതാണ്" കേന്ദ്ര മന്ത്രി ഗഡ്കരി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. ഒരു വര്‍ഷം തികയും മുമ്പേ പ്രതിമ തകര്‍ന്നു. 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് നിർമ്മിച്ചത്.
200 കോടിയോളം രൂപ ചിലവഴിച്ച പ്രതിമയുടെ പീഠത്തില്‍നിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്. പത്ത് മാസം കൊണ്ട് തകർന്നു വീണു.
കടലിനോടടുത്ത മേഖലകളില്‍ പാലം നിര്‍മിക്കുമ്പോള്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിക്കേണ്ടതിന്റെ താന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതായി ഗഡ്കരി പറഞ്ഞു.മറാത്ത നിങ്ങൾക്ക് ഒരിക്കലും മാപ്പുതരില്ല എന്നാണ് ഉദ്ദവ് താക്കറെ പ്രതികരിച്ചത്. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ വോട്ട് ബാങ്കാണ് മറാത്തകൾ. മറാത്തകളുടെ വികാരമാണ് ശിവജി.
പ്രതിമ തകര്‍ന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം ഉടലെടുത്തിരുന്നു. പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിമയുടെ നിര്‍മാണത്തിനിടെയുണ്ടായ അഴിമതിയാണ് തകര്‍ച്ചയിലേക്ക് നയിച്ചത്. വിഷയത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവയ്ക്കണമെന്ന് ആവശ്യവും ഉയർന്നു വന്നു.
നിർമ്മാണ കരാറുകാരൻ മറഞ്ഞിരിപ്പ് തന്നെ
ശിവജി പ്രതിമയുടെ നിര്‍മാണ ചുമതല വഹിച്ച ജയ്ദീപ് ആപ്‌തെ എന്നയാളെ ഇനിയും കണ്ടെത്തിയിട്ടില്ല. പോലീസ് ലുക്ക്-ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് കാത്തിരിക്കയാണ്. പ്രതിമ തകര്‍ന്ന് പത്തുദിവസമായിട്ടും ഇയാളെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതും വിവാദത്തിലാണ്. സൈറ്റിൽ മേൽനോട്ടക്കാരനായിരുന്ന ചേതന്‍ പാട്ടീലിനെ മാത്രമാണ് പോലീസ് പിടികൂടിയത്.
സംഭവത്തിന്റെ ഉത്തരവാദിത്വം നാവികസേനയുടെ മേൽ ചാർത്തി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയിരുന്നു. പ്രതിമയുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് സംസ്ഥാന സര്‍ക്കാരല്ല, ഇന്ത്യന്‍ നാവികസേനയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പ്രതിമയുടെ നിര്‍മാണവും സ്ഥാപനവും നടന്നതെന്നാണ് നാവികസേന പ്രതികരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..