22 December Sunday

സമരംചെയ്ത വിദ്യാർഥിയെ പിന്തുണച്ചു;‌ ടിസ്സിൽ അധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

മുംബൈ > ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസി(ടിസ്സ്)ൽ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധിച്ചതിൽ സസ്‌പെൻഷനിലായ രാമദാസ് പ്രിണി ശിവാനന്ദന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രൊഫസർ അർജുൻ സെൻഗുപ്തയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. പിഎച്ച്ഡി വിദ്യാർഥിയും വയനാട് സ്വദേശിയുമാണ് രാമദാസ് പ്രിണി ശിവാനന്ദൻ.

ഒക്ടോബർ നാലിന് പ്രോഗസീവ് സ്റ്റുഡൻസ് ഓർഗനൈസേഷന്റെ (പിഎസ്ഒ)യും അംബേദ്ക്കർ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥികളുടെ പ്രതിഷേധ പരിപാടിയിലാണ് അർജുൻ സെൻഗുപ്ത രാംദാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സെൻഗുപ്തയുടെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ പ്രരിച്ചതിനു പിന്നാലെയാണ് നോട്ടീസ്.

ടിസ്സിലെ നിലവിലെ അക്കാദമിക് പ്രവർത്തനങ്ങളിലെ ആശങ്കകളും മറ്റ് പ്രശ്‌നങ്ങളും ഉന്നയിച്ചുള്ള പ്രതിഷേധമായിരുന്നു വിദ്യാർഥി സംഘടനകൾ നടത്തിയത്. ടാറ്റാ എഡുക്കേഷൻ ട്രസ്റ്റ് (ടി ഇ ടി) ധനസഹായം നൽകുന്ന 119 അധ്യാപക അനധ്യാപക സ്റ്റാഫുകൾ നേരിടുന്ന തൊഴിൽ അനിശ്ചിതത്വും പ്രതിഷേധത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു.

സെൻഗുപ്ത വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കുമിടയിൽ ഐക്യം വേണമെന്നും പ്രസംഗത്തിൽ സൂചിപ്പിച്ചു. ഈ ജൂണിൽ 119 അധ്യാപക അനധ്യാപക ജീവനക്കാരെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് പിരിച്ചുവിട്ടിരുന്നു. ശമ്പളം നൽകാൻ ഫണ്ടില്ലെന്ന് കാണിച്ചാണ് പിരിച്ചുവിടൽ. വിഷയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ പിരിച്ചുവിടൽ കത്ത് അധികൃതർ പിൻവലിച്ചു.

മലയാളിയായ രാമദാസ്, ജന്തർ മന്തറിൽ നടന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ സമരം ചെയ്തതിനാണ് സസ്‌പെൻഷനിലായത്. സസ്‌പെൻഷൻ ഉത്തരവിനെതിരെ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. രാമദാസിന്റെ സസ്‌പെൻഷൻ കേസ് കോടതി പരിഗണനയിലാണെന്നും അതിനാൽ സെൻഗുപ്തയുടെ പരാമർശം കോടതിയലക്ഷ്യമാണെന്നും ആരോപിച്ചാണ് കാരണം കാണിക്കൽ നോട്ടീസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top