17 September Tuesday

ഭൂമി കുംഭകോണം; 29 വരെ സിദ്ധരാമയ്യയ്ക്കെതിരെ നടപടിയെടുക്കരുതെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

image credit Siddaramaiah facebook


മംഗളൂരു
ഭൂമി കുംഭകോണ കേസിൽ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നൽകിയ ഗവർണറുടെ നടപടി ചോദ്യംചെയ്‌ത്‌ കർണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചു. തിങ്കളാഴ്‌ച ഇരു വിഭാഗങ്ങളുടെയും വാദംകേട്ട കോടതി കേസ്‌ 29ലേക്ക്‌ മാറ്റി. അതുവരെ വിചാരണ കോടതി തുടർനടപടി നിർത്തിവയ്ക്കാനും ഹൈക്കോടതി നിർദേശിച്ചു.

ഭരണഘടനയുടെ 163–-ാം അനുച്ഛേദം അനുശാസിക്കുന്ന പ്രകാരം മന്ത്രിസഭയുടെ ഉപദേശത്തിന്റെ പിൻബലമില്ലാതെയാണ്‌ ഗവർണർ പ്രോസിക്യൂഷന്‌ അനുമതി നൽകിയതെന്ന്‌ സിദ്ധരാമയ്യക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി വാദിച്ചു. ഗവർണറുടെ തീരുമാനം നിയമപരമായി നിലനിൽക്കാത്തതും പുറമെ നിന്നുള്ള പ്രേരണ മൂലമുള്ളതുമാണെന്ന്‌ സിങ്‌വി പറഞ്ഞു.

സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവതിയുടെ ഉടമസ്ഥതയിലുള്ള 3.16 ഏക്കർ മൈസൂരു അർബൻ വികസന അതോറിറ്റി (മുഡ) ഏറ്റെടുത്തതും പകരം ഭൂമി അനുവദിച്ചതിലും വൻ അഴിമതിയുണ്ടെന്നാണ് ആരോപണം. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നീ സാമൂഹിക പ്രവർത്തകരുടെ അപേക്ഷയിലാണ്‌ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്‌. ബിജെപി ഭരണത്തിലിരിക്കെയാണ്‌ സിദ്ധരാമയ്യയുടെ ഭാര്യക്ക്‌ ഭൂമി അനുവദിച്ചത്‌. അതേസമയം, 23ന് ഡൽഹിയിലെത്തുന്ന സിദ്ധരാമയ്യ ഹൈക്കമാന്റിനെ സംസ്ഥാനത്തെ  രാഷ്ട്രീയ സാഹചര്യം ധരിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top