22 December Sunday

30,000 കോടിയുടെ 
അഴിമതി ആരോപണം, ഭൂമി നല്‍കിയത് 
ബിജെപി സര്‍ക്കാരെന്ന് 
സിദ്ധരാമയ്യ

ഭൂമി കൈമാറ്റ 
പദ്ധതി ; അഴിമതിക്കുരുക്കില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

 

ബം​ഗളൂരു
മൈസൂരു ന​ഗര വികസന അതോറിറ്റി (മുഡ)യുടെ ഭൂമി കൈമാറ്റത്തിലെ 30,000 കോടി രൂപയുടെ അഴിമതി ആരോപണത്തില്‍ ആടിയുലഞ്ഞ് കര്‍ണാടകത്തിലെ കോണ്‍​ഗ്രസ് സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയും കുടുംബവുമാണ് പ്രതിക്കൂട്ടില്‍.

മൈസൂരു ന​ഗരവികസനത്തിനായി ഭൂമി വിട്ടുനൽകുന്നവര്‍ക്ക് മറ്റൊരിടത്ത് പകരം ഭൂമി നല്‍കുന്ന പദ്ധതിയിലാണ്  ആരോപണം. സിദ്ധരാമയ്യയുടെ ഭാര്യയുടെ മൈസൂരു ഔട്ടർ റിങ് റോഡിലുള്ള മൂന്നേക്കര്‍ വിട്ടുകൊടുത്തതിന് ഇരിട്ടിമൂല്യമുള്ള ഭൂമി കൈമാറിയെന്നാണ് പ്രധാന ആരോപണം. ബിജെപി ഭരണകാലത്താണ് ഭാര്യക്ക് മൈസൂരു നഗരവികസന അതോറിറ്റി കൈമാറിയതെന്ന് സിദ്ധരാമയ്യ തിരിച്ചടിച്ചു.

സിദ്ധരാമയ്യയും ഭാര്യയും ബന്ധുക്കളും പദ്ധതിവഴി ഭൂമി മാറ്റിയെടുക്കാന്‍ വ്യാജരേഖ ചമച്ചെന്നും പരാതി ലഭിച്ചെങ്കിലും പൊലീസ്‌ കേസെടുത്തിട്ടില്ല. വകുപ്പുതല അന്വേഷണം നടക്കുന്നു. ഭൂമി സംബന്ധിച്ച വിവരം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സിദ്ധരാമയ്യ മറച്ചുവെച്ചെന്നും പരാതിയുണ്ട്. ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടക നിയമസഭയില്‍ ജെഡിഎസും ബിജെപിയും  പ്രതിഷേധം ഉയര്‍ത്തി. ഭൂമികൈമാറ്റപദ്ധതിയുടെ എല്ലാ ​ഗുണഭോക്താക്കളുടെയും പേരും പുറത്തുവിടുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍  പ്രഖ്യാപിച്ചു. മുന്‍ ബിജെപി സര്‍ക്കാര്‍ അവിഹിതമായി ഭൂമിനല്‍കിയവരുടെ പട്ടികയും പുറത്തുവിടും–- ശിവകുമാർ പറഞ്ഞു.

കർണാടകയിൽ 15 മാസത്തിനിടെ 
ജീവനൊടുക്കിയത് 1182 കർഷകർ
കർണാടകത്തിൽ പതിനഞ്ച് മാസത്തിനിടെ ആത്മഹത്യ ചെയ്‌തത്‌ 1182 കർഷകർ.  റവന്യൂ വകുപ്പാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വരൾച്ച, കൃഷിനാശം, കടബാധ്യത എന്നിവയാണ് ആത്മഹത്യയുടെ പ്രധാനകാരണം. ബെലഗവി, ഹാവേരി, ധാർവാഡ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യ റിപ്പോർട്ട് ചെയ്‌തത്.

ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരം അഞ്ച്‌ ലക്ഷമായി ഉയർത്തിയത് ആത്മഹത്യയുടെ എണ്ണം കൂട്ടിയെന്ന മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ പരാമര്‍ശം വിവാദമായി. 
     വ്യക്തിപരമായ കാരണങ്ങളാലാണ് പലരും ജീവനൊടുക്കിയതെന്നും  അവരെല്ലാം കര്‍ഷകരല്ലെന്നുമായിരുന്നു ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വാദം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top