18 November Monday
‘അഭിമാനകരമായ പദ്ധതി തടസ്സപ്പെടുത്താൻ ഹൈക്കോടതി സിംഗിൾബെഞ്ചിന്‌ അധികാരമില്ല’

സാമൂഹ്യാഘാത പഠനത്തിൽ എന്ത്‌ തെറ്റ്‌?; സിൽവർലൈൻ സർവേ തുടരാമെന്ന്‌ സുപ്രീം കോടതി, ഹർജി തള്ളി

പ്രത്യേക ലേഖകൻUpdated: Monday Mar 28, 2022


ന്യൂഡൽഹി
കെ–റെയിലിന്റെ സിൽവർലൈൻ പദ്ധതിക്കുവേണ്ടിയുള്ള സർവേയും സാമൂഹ്യാഘാത പഠനവും തടയണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഡിവിഷൻബെഞ്ച്‌ തള്ളി. അഭിമാനകരമായ പദ്ധതി തടസ്സപ്പെടുത്താൻ ഹൈക്കോടതി സിംഗിൾബെഞ്ചിന്‌ അധികാരമില്ലെന്ന്‌ ജസ്റ്റിസുമാരായ എം ആർ ഷാ, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ സുപ്രീംകോടതി ഡിവിഷൻബെഞ്ച്‌ ചൂണ്ടിക്കാട്ടി. സർവേ തടഞ്ഞ്‌ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്‌ റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി ശരിയായ ദിശയിലുള്ളതാണെന്ന്‌ സുപ്രീംകോടതി ഡിവിഷൻബെഞ്ച്‌ വ്യക്തമാക്കി.

പഠനം മാത്രമല്ല, പദ്ധതിയാകെ ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ ഉത്തരവ്‌ വഴി സ്‌തംഭിച്ചുവെന്ന്‌ ജസ്റ്റിസ്‌ ഷാ പറഞ്ഞു. ഇടക്കാല ഉത്തരവ്‌ വഴി ഇത്തരം വിധി പുറപ്പെടുവിക്കാൻ കഴിയുന്നത്‌ എങ്ങനെയാണ്. ഇത്തരത്തിൽ പദ്ധതികൾ സ്‌തംഭിപ്പിക്കരുതെന്ന്‌ കാണിച്ച്‌ സുപ്രീംകോടതി  ഈയിടെ വിശദമായ വിധി പ്രസ്‌താവിച്ചിരുന്നു. ഒരു പദ്ധതിയും സ്‌തംഭിപ്പിക്കാൻ സുപ്രീംകോടതി ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തിൽ തങ്ങൾക്ക്‌ നല്ല വ്യക്തതയുണ്ടെന്നും ജസ്റ്റിസ്‌ ഷാ പറഞ്ഞു. സിൽവർലൈൻ സർവേക്ക്‌ അനുമതി നൽകിയ ഹൈക്കോടതി ഡിവിഷൻബെഞ്ച്‌ ഉത്തരവിനെതിരെ കോഴിക്കോട്‌, കോട്ടയം, തൃശൂർ ജില്ലകളിലെ ഏതാനും വസ്‌തു ഉടമകളാണ്‌ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകിയത്‌.

മുൻവിധി അരുത്‌
സർവേയുടെ പേരിൽ സംസ്ഥാനസർക്കാർ ഭൂമി കണ്ടെത്താനും അലൈൻമെന്റ്‌ നിശ്‌ചയിക്കാനും ശ്രമിക്കുകയാണെന്ന്‌ ഹർജിക്കാരുടെ അഭിഭാഷകൻ നിരഞ്‌ജൻ റെഡ്ഡി വാദിച്ചെങ്കിലും കാര്യങ്ങളെ മുൻവിധിയോടെ കാണരുതെന്ന്‌ സുപ്രീംകോടതി ഡിവിഷൻബെഞ്ച്‌ പ്രതികരിച്ചു. സാമൂഹ്യാഘാത പഠനത്തിനായുള്ള നടപടികളാണ്‌ ഇപ്പോൾ നടക്കുന്നത്‌. ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ കാഴ്‌ചപ്പാടിനോട്‌ പൂർണമായും യോജിക്കുന്നു–- സുപ്രീംകോടതി ഡിവിഷൻബെഞ്ച്‌ വ്യക്തമാക്കി. ബദൽ മാർഗങ്ങളിൽ സർവേ നടത്താമെന്ന വാദവും തള്ളി. സംസ്ഥാനസർക്കാരിനുവേണ്ടി സ്റ്റാൻഡിങ്‌ കോൺസൽ സി കെ ശശി ഹാജരായി.

സർവേക്കുവേണ്ടി കല്ലിടുന്നത്‌ ജനങ്ങളെ പരിഭ്രാന്തരാക്കുന്നുവെന്നും 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെയും 1961ലെ കേരള സർവേ ആൻഡ്‌ ബൗൺഡറീസ്‌ നിയമത്തിന്റെയും ലംഘനമാണ്‌ നടക്കുന്നതെന്നും ആരോപിച്ചാണ്‌ ഹർജിക്കാർ സുപ്രീംകോടതിയിൽ എത്തിയത്‌.സംസ്ഥാന സർക്കാരിന്‌ നോട്ടീസ്‌ അയക്കാൻപോലും തയ്യാറാകാതെ പ്രഥമദൃഷ്ട്യാ ഹർജി തള്ളിയത്‌ തെറ്റിദ്ധരിപ്പിക്കൽ സമരം നടത്തുന്ന കോൺഗ്രസ്‌–- ബിജെപി കൂട്ടുകെട്ടിന്‌ തിരിച്ചടിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top