ന്യൂഡൽഹി
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പാർടി ആസ്ഥാനമായ ഏകെജി ഭവനിൽ അന്തിമോപചാരമർപ്പിച്ച് നേതാക്കൾ. മരണവിവരം അറിഞ്ഞതോടെ ഓഫീസിന് മുന്നിലെ ചെങ്കൊടി താഴ്‌ത്തിക്കെട്ടി. മേശയിൽ ജമന്തിപ്പൂക്കൾ കൊണ്ടൊരുക്കിയ മാലയ്‌ക്ക് പിന്നിൽ യെച്ചൂരിയുടെ പുഞ്ചിരിക്കുന്ന ചിത്രം.
പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എം എ ബേബി, ബി വി രാഘവുലു, എ വിജയരാഘവൻ, നിലോൽപ്പൽ ബസു, തപൻ സെൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ കെ ഹേമലത, എ ആർ സിന്ധു, വിക്രം സിങ്, മുരളീധരൻ, അരുൺകുമാർ, ഹന്നൻ മൊള്ള എന്നിവർ പ്രിയ സഖാവിന് അന്തിമോപചാരമർപ്പിച്ചു. എകെജി ഭവനിലെ ജീവനക്കാരും യെച്ചൂരിക്ക് ആദരമർപ്പിച്ചു. മുദ്രാവാക്യംവിളികൾ പലകുറി കണ്ണീരിനാൽ മുറിഞ്ഞു.
ഡൽഹി എയിംസിലെ എട്ടാംനിലയിലുള്ള ഐസിയുവിൽ നിന്ന് നാലരയോടെയാണ് യെച്ചൂരിയുടെ മൃതദേഹം എംബാം ചെയ്യാനായി പുറത്തെത്തിച്ചത്. വെള്ളത്തുണി പുതപ്പിച്ച് മീറ്ററുകൾ മാത്രമകലെയുള്ള അനാട്ടമി വിഭാഗത്തിലേക്ക് ആംബുലൻസിൽ കൊണ്ടുപോയി. ചേതനയറ്റ ശരീരം ഡോക്‌ടർമാർ ആദരവോടെ ഏറ്റുവാങ്ങി. ഡൽഹിയിലെ സിപിഐ എം നേതാവും പതിറ്റാണ്ടുകളായി യെച്ചൂരിയുടെ സുഹൃത്തുമായിരുന്ന നത്ഥു സിങ് ഉള്ളുലയ്‌ക്കുന്ന മുദ്രാവാക്യത്തോടെ യെച്ചൂരിക്ക് വിട ചൊല്ലി. കേന്ദ്രകമ്മിറ്റിയംഗങ്ങളായ വിജൂ കൃഷ്‌ണൻ, കെ എൻ ഉമേഷ്, അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്, വി ശിവദാസൻ എംപി, എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, ജനറൽ സെക്രട്ടി മയൂഖ് ബിശ്വാസ് തുടങ്ങിയവരും അനാട്ടമി വിഭാഗത്തിലേക്ക് മൃതദേഹത്തെ അനുഗമിച്ചു.
പ്രിയ സഖാവ് വിടവാങ്ങും നേരത്ത് പൊളിറ്റ് ബ്യൂറോ അംഗങ്ങളും ഉറ്റസുഹൃത്തുക്കളുമായ പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും എയിംസിലുണ്ടായിരുന്നു. മൃതദേഹം എംബാം ചെയ്യാൻ കൊണ്ടുപോയപ്പോൾ എംബാം ചെയ്യുന്ന ടേബിൾവരെ ബൃന്ദ യെച്ചൂരിയെ അനുഗമിച്ചു. യെച്ചൂരിയെ ധരിപ്പിക്കേണ്ട വസ്‌ത്രങ്ങൾ ബൃന്ദ ഡോക്‌ടർമാരുടെ കൈയിലേൽപ്പിച്ചു. വെളുത്ത മാസ്‌ക് ധരിച്ചിരുന്നെങ്കിലും പലവട്ടം ബൃന്ദയുടെ കവിളിലേയ്‌ക്ക് കണ്ണീരൊഴുകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..