ന്യൂഡല്‍ഹി> ഇന്ത്യ ഇസ്രയേലിന്റെ ചാര സോഫ്റ്റ്വെയറായ പെഗാസസ് വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരമൊരു നിർണായക വിഷയത്തിൽ മൗനം പാലിക്കുന്നത് ക്രിമിനൽ കുറ്റം ചെയ്തത് അംഗീകരിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
'എന്തിനാണ് പെഗാസസ് പോലൊരു സൈബർ വെപ്പൺ വാങ്ങിയത്, ആരാണ് അതിന്റെ ഉപയോഗത്തിന് അനുമതിനൽകിയത്, ആരെയൊക്കെ എങ്ങനെയൊക്കെയാണ് ടാർജെറ്റ് ചെയ്തിരിക്കുന്നത്, ആർക്കൊക്കെ ഈ റിപ്പോർട്ടുകൾ ലഭിച്ചു എന്നൊക്കെ മോദി സർക്കാർ സത്യവാങ്മൂലത്തിൽ വിശദീകരിക്കണം. ഇത്തരമൊരു നിർണായക വിഷയത്തിൽ മൗനം പാലിക്കുന്നത് ക്രിമിനൽ കുറ്റം ചെയ്തത് അംഗീകരിക്കുന്നതിന് തുല്യമാണ്'- യെച്ചൂരി ട്വീറ്റ് ചെയ്തു.
'പൊതുപണമുപയോഗിച്ചാണ് പെഗാസസ് വാങ്ങിയിരിക്കുന്നത്. ഇതിലൂടെ തകർന്നത് നമ്മുടെ ജനാധിപത്യമാണ്. ചാരപ്പണിയിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഷ്ട്രീയ നേതാക്കളെയും സുപ്രീം കോടതിയെയും അന്വേഷണ ഉദ്യോഗസ്ഥരെയുമൊക്കെ ഇരയാക്കുമ്പോൾ ജനാധിപത്യത്തെ തന്നെയാണ് ഗുരുതരമായി അട്ടിമറിച്ചത്-' മറ്റൊരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..