ലോകത്തിനുമുന്നിൽ ജെഎൻയു കൊളുത്തിവച്ച വെളിച്ചമായിരുന്നു യെച്ചൂരി. സൗമ്യമെങ്കിലും ഇടിമുഴക്കത്തേക്കാൾ ഗാംഭീര്യമുണ്ടായിരുന്നു ആ വാക്കുകൾക്ക്, മിന്നൽപ്പിണരിന്റെ തിളക്കവും. ജീവനറ്റുവെങ്കിലും
യെച്ചൂരി ജെഎൻയുവിൽ വീണ്ടും പ്രകമ്പനമായി. നിലയ്‌ക്കാത്ത പ്രവാഹം പോലെ അത് ഇനിയും ഒഴുകും. യെച്ചൂരി തെളിച്ച വഴിയിൽ...
ന്യൂഡൽഹി
ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ നായകന് അന്ത്യാഭിവാദ്യം അർപ്പിച്ച് രാജ്യതലസ്ഥാനം. പുറത്തെ കനത്ത മഴയെയും കൂസാതെ ജവാഹർലാൽ നെഹ്റു സർവകലാശാല ക്യാമ്പസിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി– "ലാൽ സലാം, ലാൽ സലാം’, "കോമ്രേഡ് സീതാറാം യെച്ചൂരി അമർ രഹെ’. യെച്ചൂരിയുടെ സമരജീവിതത്തിന് തുടക്കമിട്ട ജെഎൻയു അദ്ദേഹത്തിന് വികാരനിർഭര യാത്രയയപ്പ് ഒരുക്കി. വിദ്യാർഥി യൂണിയൻ ഹാളിലാണ് വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും യെച്ചൂരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് എയിംസിൽ മൂന്നാഴ്ചയിലേറെയായി ചികിത്സയിലായിരുന്ന യെച്ചൂരി വ്യാഴാഴ്ച വൈകിട്ടാണ് അന്തരിച്ചത്. എംബാം ചെയ്ത് എയിംസിൽ സൂക്ഷിച്ച മൃതദേഹം സിപിഐ എം നേതാക്കൾ ഏറ്റുവാങ്ങി. തുടർന്ന് പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം എ ബേബി, നീലോൽപൽ ബസു, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം വിജൂ കൃഷ്‌ണൻ എന്നിവർ ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. തുടർന്ന് മൃതദേഹം വൈകിട്ട് ജെഎൻയു ക്യാമ്പസിലേക്ക് കൊണ്ടുവന്നു.
കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ച് വിദ്യാർഥികൾ പ്രിയ നേതാവിന് സ്നേഹാഞ്ജലി അർപ്പിക്കാനെത്തി. യെച്ചൂരി മൂന്ന് തവണ അധ്യക്ഷനായ ജെഎൻയു വിദ്യാർഥി യൂണിയന്റെ ഇന്നത്തെ സാരഥികൾ മുൻ നേതാവിന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് അന്ത്യാഭിവാദ്യം അർപ്പിച്ചു. ജെഎൻയു വിദ്യാർഥി യൂണിയൻ, ടീച്ചേഴ്‌സ് അസോസിയേഷൻ, ഇതര സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ പുഷ്പചക്രം അർപ്പിച്ചു. എംപിമാരായ ജോൺ ബ്രിട്ടാസ്, എ എ റഹിം എന്നിവരും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ, ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, ജോ. സെക്രട്ടറി ആദർശ് എം സജി എന്നിവരും പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
തുടർന്ന് മൃതദേഹം യെച്ചൂരിയുടെ വസന്ത്കുഞ്ജിലെ വസതിയിൽ കൊണ്ടുവന്നു. സിപിഐ എമ്മിന്റെയും വർഗ ബഹുജന സംഘടനകളുടെയും നേതാക്കൾ ഇവിടെയെത്തി നേതാവിന് അന്ത്യാഭിവാദ്യം നേർന്നു. യെച്ചൂരിയുടെ ഭാര്യ സീമ ചിഷ്തി, മക്കൾ, സഹോദരൻ ശങ്കർ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെ ആശ്വസിപ്പിച്ചു. പിബി അംഗങ്ങളായ എ വിജയരാഘവൻ, അശോക് ധാവ്‌ളെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, മുതിർന്ന നേതാവ് പി കരുണാകരൻ, എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹിം എന്നിവരും യെച്ചൂരിയുടെ വസതിയിലെത്തി.
രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരും വസതിയിലെത്തി ആദരാഞ്ജലി അർപ്പിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ എന്നിവരും ആദരാഞ്ജലി അർപ്പിക്കാനെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..