20 December Friday
ലാൽ സലാം

ആ ഇരുപത്തഞ്ചുകാരന്റെ മുന്നിലേക്ക് ഇന്ദിര ഇറങ്ങിവന്നു; ജെഎൻയുവിലെ പോരാട്ട വീര്യം അവസാനനാൾ വരെയും

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


1977 സെപ്തംബർ അഞ്ച്

ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അഞ്ഞൂറിലേറെ വിദ്യാർഥികൾ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് ചെയ്‌തു.

സമരത്തിന് നേതൃത്വം നൽകുന്നത് ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന ഇരുപത്തിയഞ്ചുകാരനായ സീതാറാം യെച്ചൂരി.

തെരഞ്ഞെടുപ്പിൽ തോറ്റ ഇന്ദിരയ്‌ക്ക്‌ ചാൻസലർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന മുദ്രാവാക്യവുമായി മാർച്ച് ഇന്ദിരയുടെ വസതിക്കുമുന്നിലെത്തി. ഇന്ദിരയെ കാണണമെന്നും വിദ്യാർഥികൾ അവർക്കെതിരെ തയ്യാറാക്കിയ കുറ്റപത്രം വായിച്ചുകേൾപ്പിക്കണമെന്നും യെച്ചൂരി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥ സംഘം അകത്തുപോയി ഇന്ദിരാഗാന്ധിയെ സാഹചര്യങ്ങൾ അറിയിച്ചു. നാലോ അഞ്ചോ കുട്ടികൾക്ക് അകത്തേക്ക് വരാമെന്ന് ഇന്ദിര അറിയിച്ചു. തങ്ങൾ നാലോ അഞ്ചോ പേരല്ലെന്നും ഒരുമിച്ചു മാത്രമേ അകത്തേക്കുള്ളൂവെന്നും യെച്ചൂരിയുടെ മറുപടി. ഒടുവിൽ എല്ലാ വിദ്യാർഥികളെയും മുറ്റത്തേക്ക് കയറ്റി ഇന്ദിരാഗാന്ധി അവർക്കരികിലേക്കെത്തി. അടിയന്തരാവസ്ഥക്കാലത്തെ കുപ്രസിദ്ധനായ ആഭ്യന്തരമന്ത്രി ഓം മേത്തയും മറ്റ് രണ്ടുപേരും ഒപ്പമുണ്ടായിരുന്നു.

എന്തുകൊണ്ട് ഇന്ദിര ചാൻസലർപദവി രാജിവയ്‌ക്കണമെന്ന വിദ്യാർഥികളുടെ കുറ്റപത്രം യെച്ചൂരി അവിടെ ഉറക്കെ വായിച്ചുകേൾപ്പിച്ചു. കയ്യും കെട്ടിനിന്ന് ഇന്ദിരയത് കേട്ടു. അടുത്ത ദിവസം ഇന്ദിരാഗാന്ധി ചാൻസലർ സ്ഥാനം ഒഴിഞ്ഞു.  സാധാരണ പൗരന് തങ്ങളെ അടിച്ചമർത്തുന്ന ഭരണാധികാരിയുടെ മുമ്പാകെ സ്വരമുയർത്താനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്ന ഓർമപ്പെടുത്തലായിരുന്നു ആ സംഭവമെന്ന് യെച്ചൂരി പിന്നീട് പറഞ്ഞിട്ടുണ്ട്‌. 

അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി ജെഎൻയുവിൽ പ്രവേശിച്ചിരുന്നില്ല. ക്യാംപസിനുള്ളിൽ നിശ്ചയിച്ചിരുന്ന ഒരുപരിപാടി അവർക്ക് മാറ്റി വെക്കേണ്ടിവരികയും ചെയ്തിരുന്നു. ക്യാംപസിൽ കയറാൻ അനുവദിക്കില്ലെന്ന വിദ്യാർഥികളടെ ഉറച്ച പ്രതിഷേധ നിലപാടുകളെ തുടർന്നായിരുന്നു ഇത്.

ജെഎൻയു എന്ന രാഷ്ട്രീയ പാഠശാല

രാഷ്ട്രീയ ബാലപാഠങ്ങൾ മുന്നേ കിട്ടിയിരുന്നെങ്കിലും അത് ബലപ്പെടുന്നത് ജെഎൻയു കാലത്താണ്. അന്യായങ്ങൾക്ക് മുന്നിൽ സമരസപ്പെടാത്ത നേതാവായുള്ള യെച്ചൂരിയുടെ വളർച്ച ആരംഭിക്കുന്നത് അവിടെ നിന്നായിരുന്നു. എംഎയ്ക്ക് ജെഎൻയുവിൽ ചേർന്നതോടെയാണ് മാർക്സിസത്തെക്കുറിച്ച് ശരിയായ ധാരണ കൈവന്നതെന്ന്‌ അദ്ദേഹം പറയുന്നുണ്ട്. അക്കാലത്താണ് എസ്എഫ്ഐയുടെ പ്രവർത്തനങ്ങളിൽ സജീവമായതും.  പ്രകാശ് കാരാട്ടുമായുള്ള അടുപ്പവും അവിടെ നിന്നാണ് തുടങ്ങുന്നത്. 1973ൽ പ്രകാശ് കാരാട്ട് ജെഎൻയു യൂണിയൻ ചെയർമാനായി. അന്നത്തെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനുവേണ്ടിയായിരുന്നു യെച്ചൂരിയുടെ ആദ്യ രാഷ്‌ട്രീയപ്രസംഗങ്ങൾ.

അടിയന്തരാവസ്ഥക്കാലത്ത് ജെഎൻയുവിൽ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് കൺവീനറായും പിന്നീട് ജെഎൻയു വിദ്യാർഥി യൂണിയന്റെ അമരക്കാരനായും യെച്ചൂരി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.

മൂന്നുവട്ടം സർവകലാശാല യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അപൂർവ ബഹുമതിയും യെച്ചൂരിക്കുണ്ട്. അടിയന്തരാവസ്ഥയിൽ ഒളിവിൽ പോകേണ്ടി വന്ന യെച്ചൂരി അവിടെയും പ്രവർത്തനങ്ങൾ തുടർന്നു. പിന്നീട്‌ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കപ്പെട്ടു.

വിസി ലീവിലാണ്... ജെഎൻയു പ്രവർത്തിക്കും

അടിയന്തരാവസ്ഥയ്‌ക്കുശേഷം അതിന്റെ ഉത്തരവാദികളെ ശിക്ഷിക്കണമെന്ന ആവശ്യമുന്നയിച്ചും യെച്ചൂരിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ അരങ്ങേറി. ഇതിന്റെ ഭാഗമായി ജെഎൻയു ഗേറ്റിൽ വിസി ബി ഡി നാഗ്‌ചൗധ്‌രിയുടെ കാർ യെച്ചൂരിയുടെ നേതൃത്വത്തിൽ തടഞ്ഞു. കാർ തിരിച്ചുവിട്ട വിസി 40 ദിവസത്തോളം ജെഎൻയുവിലേക്ക് തിരിഞ്ഞുനോക്കിയില്ല. സർവ്വകലാശാലയുടെ അടിയന്തരവശ്യങ്ങൾ നിർവ്വഹിക്കാനാവാതെ വന്നു.

ആവശ്യങ്ങൾക്ക്‌ ഫണ്ട്‌ അനുവദിക്കാതെ പ്രതികാരനടപടി രൂക്ഷമായതോടെ യെച്ചൂരിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സരോജിനിനഗർ മാർക്കറ്റിലും കോണോട്ട്‌പ്ലേസിലും എത്തി ജനങ്ങളിൽനിന്ന്‌ പണം പിരിച്ചു. വിസി ലീവിലാണ്‌... ജെഎൻയു പ്രവർത്തിക്കുംഎന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പിരിവ്‌.

പഠിക്കുക പോരാടുക

പഠനകാലം മുതൽ നവീനമായ സമരരീതികൾ ആവിഷ്‌കരിക്കുന്നതിലൂടെ ശ്രദ്ധേയനായിരുന്നു യെച്ചൂരി. സർവകലാശാല യൂണിയന്റെ സ്വതന്ത്ര പ്രവർത്തനം സാധ്യമാക്കുന്ന ഭരണഘടനയ്ക്ക് രൂപം നൽകിയതും യെച്ചൂരിയുടെ നേതൃത്വത്തിലായിരുന്നു.

1978ൽ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. മലയാളിയോ ബംഗാളിയോ അല്ലാത്ത ആദ്യ എസ്എഫ്ഐ പ്രസിഡന്റാണ് സീതാറാം. "പഠിക്കുക, പോരാടുക' എന്ന മുദ്രാവാക്യം എസ്എഫ്ഐ ഉയർത്തിയതും അക്കാലത്താണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top