21 October Monday

അഞ്ചിടത്ത്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ എസ്‌പി; അകോളയിൽ ശക്തിപ്രകടനവുമായി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

മഹാരാഷ്‌ട്ര അകോള മണ്ഡലത്തിൽ സിപിഐ എം കൺവൻഷന്റെ ഭാഗമായി നടന്ന പ്രകടനം. മുൻനിരയിൽ 
പൊളിറ്റ്‌ബ്യൂറോ അംഗം അശോക്‌ ധാവ്‌ളെ

ന്യൂഡൽഹി>മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാവികാസ്‌ അഘാഡിയുടെ സീറ്റ്‌ ചർച്ച കോൺഗ്രസ്‌ നീട്ടിക്കൊണ്ടുപോകുന്നതിൽ അതൃപ്‌തരായ ഇടതുപക്ഷ -പുരോഗമന പാർടികൾ സ്വന്തം നിലയ്‌ക്ക്‌ തയ്യാറെടുപ്പ്‌ തുടങ്ങി. 12 സീറ്റ്‌ ആവശ്യപ്പെട്ട സമാജ്‌വാദി പാർടി അഞ്ചിടത്ത്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐ എം ശക്തികേന്ദ്രമായ അകോള മണ്ഡലത്തിൽ പാർടി വിളിച്ചുചേർത്ത കൺവൻഷനിൽ വൻജനപങ്കാളിത്തമുണ്ടായി.

സിപിഐ എം ആവശ്യപ്പെട്ട പ്രധാന സീറ്റുകളിൽ ഒന്നാണിത്. അഹമ്മദ്‌ നഗർ ജില്ലയിലെ അകോളയിൽ ഞായറാഴ്‌ചയായിരുന്നു കൺവൻഷൻ. സീറ്റ്‌ പാർടിക്ക്‌ നൽകാൻ സഖ്യത്തിൽ സമ്മർദം ശക്തമാക്കാനും സംസ്ഥാനത്ത്‌ ബിജെപി സഖ്യത്തിന്റെ പരാജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം അശോക്‌ ധാവ്‌ളെ ഉദ്‌ഘാടനം ചെയ്‌തു. കർഷക പ്രസ്ഥാനത്തിന്റെ ഉജ്വല സമരങ്ങളിലൂടെ പാർടിക്ക്‌ ശക്തമായ അടിത്തറയുള്ള ജില്ലയാണ്‌ അകോള. 12 സീറ്റാണ്‌ സിപിഐ എം ആവശ്യപ്പെട്ടത്‌.
 അതേസമയം, ശനിയാഴ്‌ച മാലേഗാവിൽ എത്തിയ എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവാണ്‌ അഞ്ചു സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്‌. ധുലെ സിറ്റി മണ്ഡലത്തിൽ ഇർഷാദ് ജഗീർദാർ, ഭിവണ്ടി വെസ്റ്റിൽ റിയാസ് ആസ്മി, മാലേഗാവ് സെൻട്രലിൽ ഷാൻ -ഇ- ഹിന്ദ്‌ എന്നിവരാണ്‌ സ്ഥാനാർഥികൾ. സിറ്റിങ്‌ എംഎൽഎമാരായ അബു അസിം ആസ്മി, റായ്‌സ് ഷെയ്‌ഖ്‌ എന്നിവർ മൻഖുർദ് ശിവാജി നഗർ, ഭിവണ്ടി ഈസ്റ്റ് സീറ്റുകളിൽ മത്സരിക്കും. എസ്‌പിക്ക്‌ നല്ല കരുത്തുണ്ടെന്നും സീറ്റ്‌ വിഭജനത്തിൽ കാലതാമസം അനുവദിക്കില്ലെന്നും അഖിലേഷ്‌ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top