ന്യൂഡൽഹി > ഡൽഹിയിൽനിന്ന് മലയാളികളുമായി സ്‌പെഷ്യൽ ട്രെയിൻ യാത്രതിരിച്ചു. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം അനുവദിച്ച നോൺ എസി ട്രെയിൻ 1120 യാത്രക്കാരുമായി ബുധനാഴ്‌ച വൈകിട്ട് 7.05നാണ് ന്യൂഡൽഹി സ്‌റ്റേഷനിൽനിന്ന് പുറപ്പെട്ടത്. വെള്ളിയാഴ്‌ച പകൽ 12ന് തിരുവനന്തപുരത്തെത്തും.കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.
ഡൽഹിയിൽനിന്ന് ജോലി നഷ്ടപ്പെട്ട നഴ്‌സുമാരടക്കം 809 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 311പേരുമാണ് യാത്ര ചെയ്യുന്നത്. യുപി (103), ജമ്മുകാശ്മീർ(12), ഹരിയാന-(110), ഹിമാചൽപ്രദേശ്(50), ഉത്തരാഖണ്ഡ്(-36) എന്നിവിടങ്ങളിൽനിന്നാണ് ബാക്കിയാളുകൾ. 700 വിദ്യാർത്ഥികളും 60 ഗർഭിണികളുമുണ്ട്. ട്രെയിനിലും ഡൽഹി സർക്കാരിന്റെ സ്‌ക്രീനിങ് സെന്ററുകളിലും സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. സീറ്റ് നമ്പറില്ലാതെ കോച്ച് നമ്പർ മാത്രമാണ് റെയിൽവേ അനുവദിച്ചത്. ഇത് തിരക്കും ആശയക്കുഴപ്പവും സൃഷ്‌ടിച്ചതോടെ ട്രെയിൻ പുറപ്പെടാൻ ഒരു മണിക്കൂർ വൈകി. ഉത്തർപ്രദേശിലെ നോയിഡയിൽനിന്ന് ലജ്‌പത് നഗറിലെ സ്‌ക്രീനിങ് സെന്റർറിലേക്കുള്ള 30 കിലോമീറ്റർ ദൂരം താണ്ടാൻ ടാക്‌സിക്ക് 1500 നൽകേണ്ടിവന്നെന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശിയും എംബിഎ വിദ്യാർഥിയുമായ ഷാമിൽ പറഞ്ഞു. ഡൽഹി അതിർത്തിയിൽ വലിയ തിരക്കുണ്ടായിരുന്നു.
ഡൽഹി സർക്കാരിന്റെ സ്‌ക്രീനിങ് സെന്ററുകളിൽ സാമൂഹ്യ അകലം അപ്രസക്താക്കുന്ന ജനക്കൂട്ടമായിരുന്നു. വൈകിട്ട് മൂന്നരയോടെ ബിസ്‌ക്കറ്റും ഫ്രൂട്ടിയും നൽകി. ജമ്മു കേന്ദ്ര സർവകലാശാല വിദ്യാർഥിയായ ഷാമിൽ ഇന്റേൺഷിപ്പിനെത്തിയ നോയിഡയിൽ കുടുങ്ങുകയായിരുന്നു. കേരള സർക്കാരിനു വേണ്ടി കേരള ഹൗസും നോർക്കയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കാനിംഗ് റോഡിലുള്ള കേരള സ്കൂളിൽ സ്ക്രീനിംഗ് നടത്തി. കേരള സ്കൂളിൽ എത്തിയവർക്ക് ജനസംസ്കൃതി, ഡൽഹി മലയാളി അസോസിയേഷൻ, ആൾ ഇന്ത്യ മലയാളി അസോസിയേഷൻ എന്നീ ഡൽഹി–-മലയാളി സംഘടനകളും കേരള എഡ്യുക്കേഷൻ സൊസൈറ്റിയും ചേർന്ന് ഭക്ഷണം ഒരുക്കി. സ്‌ക്രീനിങ് സെന്ററുകളിൽനിന്ന് യാത്രക്കാരെ ഡൽഹി സർക്കാർ ബസുകളിൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഡൽഹി സർക്കാർ ഒരു ദിവസത്തെ ഭക്ഷണം ക്രമീകരിച്ചു. യാത്രക്കാർ കോവിഡ് ജാഗ്രതാ വെബ് പോർട്ടലിൽ ഇ–--പാസിനായി രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..