ന്യൂഡൽഹി
കൂടുതൽ ശ്രമിക്ക് ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചെങ്കിലും അതിഥിത്തൊഴിലാളികളുടെ യാത്രാദുരിതത്തിന് അന്ത്യമില്ല. വീടുകളിലേക്ക് മടങ്ങാൻ ട്രെയിനോ മറ്റ് വാഹനങ്ങളോ ലഭിക്കാതെ ബുധനാഴ്‌ചയും ഡൽഹി അടക്കമുള്ള നഗരങ്ങളിൽ അതിഥിത്തൊഴിലാളികൾ വലഞ്ഞു. കൊടുംചൂടിൽ തൊഴിലാളികൾ കുടുംബസമേതം കാൽനടയായി മടങ്ങുന്നത് തുടരുകയാണ്. നടന്നെത്തിയവർക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ പല സംസ്ഥാന അതിർത്തികളിലും പൊലീസും തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടായി.
ചൊവ്വ, ബുധൻ ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 18 തൊഴിലാളികൾ കൂടി മരിച്ചു. ഇതോടെ അടച്ചിടൽ ആരംഭിച്ച ശേഷം റോഡ്–- റെയിൽ അപകടങ്ങളിലായി മരിച്ച തൊഴിലാളികൾ 162 ആയി. വരുമാനം ഇല്ലാതാകുന്നതോടെ അതിഥിത്തൊഴിലാളികൾ പട്ടിണിയിലാകുമെന്നും ഇത് കൂട്ടപലായനത്തിന് വഴിവയ്‌ക്കുമെന്നും അടച്ചിടൽ തുടക്കത്തിൽ ട്രേഡ്‌യൂണിയനുകളും മറ്റും മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നൊരുക്കമില്ലാതെ രാജ്യവ്യാപക അടച്ചിടൽ പ്രഖ്യാപിച്ച മോഡി സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ആദ്യ ഘട്ട അടച്ചിടലിനോട് തൊഴിലാളികൾ പൂർണമായി സഹകരിച്ചിരുന്നു. രണ്ടും മൂന്നും ഘട്ടങ്ങളിൽ സ്ഥിതി മാറി. വരുമാനം നിലച്ച് പട്ടിണയിലേക്ക് നീങ്ങിയതോടെ തൊഴിലാളികൾ വീടുകളിലേക്ക് കൂട്ടമായി മടങ്ങാൻ നിർബന്ധിതരായി. ഇവരുടെ ദുരിതയാത്ര വാർത്തകളിൽ നിറഞ്ഞതോടെയാണ് സർക്കാർ ശ്രമിക്ക് ട്രെയിനുകൾ പ്രഖ്യാപിച്ചത്.
ഒന്നര ലക്ഷം തൊഴിലാളികളെ ശ്രമിക്ക് ട്രെയിനുകളിൽ നാട്ടിലെത്തിച്ചെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. 2011 ലെ സെൻസസ് പ്രകാരം ആറു കോടിയോളം അതിഥിത്തൊഴിലാളികളുണ്ട്. ഇപ്പോഴിത് ഇരട്ടിയായിട്ടുണ്ടാകും. ഏതാണ്ട് രണ്ട് ശതമാനം തൊഴിലാളികൾക്ക് മാത്രമാണ് ട്രെയിൻ സൗകര്യം ലഭിച്ചിട്ടുള്ളത്. യാത്രാചെലവിന്റെ 85 ശതമാനം വഹിക്കുമെന്ന് റെയിൽവേ അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും തൊഴിലാളികൾത്തന്നെ ടിക്കറ്റെടുക്കുകയാണ്.
തൊഴിലാളികളുടെ ദുരിതം തുടരുന്നതിനാൽ ശ്രമിക്ക് ട്രെയിനുകളുടെ മാനദണ്ഡത്തിൽ കേന്ദ്രം മാറ്റംവരുത്തി. സംസ്ഥാനങ്ങൾ ആവശ്യപ്പെടാതെ ആഭ്യന്തര മന്ത്രാലയവുമായി ആലോചിച്ച് റെയിൽവേയ്‌ക്ക് ട്രെയിനുകൾ ഓടിക്കാം. നിലവിൽ 200 ശ്രമിക്ക് ട്രെയിനുകളാണ് ഓടുന്നത്. ഇത് ഇരട്ടിയാക്കുമെന്ന് റെയിൽവേമന്ത്രി പീയുഷ് ഗോയൽ പറഞ്ഞിട്ടുണ്ട്. ഇതിന് പുറമെ 200 നോൺ എസി ട്രെയിനുകൾ ജൂൺ ഒന്ന് മുതൽ ഓടിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..