ന്യൂഡൽഹി > ഇന്ത്യയോട് അത്ര താൽപര്യമില്ലാത്ത സർക്കാർ ബംഗ്ലാദേശിൽ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് തന്ത്രപ്രധാനമായ ശ്രീലങ്കയിലെ ഭരണമാറ്റം. ആഭ്യന്തര–- അന്താരാഷ്‌ട്ര വിഷയങ്ങളിൽ വ്യക്തമായ നിലപാടുള്ള കമ്യൂണിസ്റ്റ് പാർടി(ജെവിപി)യുടെ നേതാവാണ് ശ്രീലങ്കയിൽ പ്രസിഡന്റായി അധികാരമേറ്റത്.
ശ്രീലങ്കയിലെ മുൻ സർക്കാരുകൾ ഇന്ത്യൻ ഭരണാധികാരികളുടെ താൽപര്യങ്ങൾക്ക് അനുകൂലമായിരുന്നു. ചൈനയ്‌ക്കും അവർ ഇടം നൽകി. 2006–-2022 കാലത്ത് ചൈന അടിസ്ഥാന സൗകര്യവികസന മേഖലയിൽ ശ്രീലങ്കയ്‌ക്ക് നൽകിയത് 1,120 കോടി ഡോളറിന്റെ വായ്‌പാസഹായമാണ്. കേന്ദ്രസർക്കാരുമായി അടുത്ത ബന്ധമുള്ള സജിത് പ്രേമദാസയെയാണ് അനുര കുമാര ദിസനായകെ പരാജയപ്പെടുത്തിയത്. എന്നാൽ ഇന്ത്യൻ ജനതയുടെ താൽപര്യങ്ങളോട് ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നതായി ദിസനായകെ വ്യക്തമാക്കിയിട്ടുണ്ട്. ദിസനായകെയുടെ ജയസാധ്യത മുന്നിൽകണ്ട് കേന്ദ്രസർക്കാർ ഇക്കൊല്ലം ആദ്യം അദ്ദേഹത്തെ ഇന്ത്യാ സന്ദർശനത്തിനായി ക്ഷണിച്ചിരുന്നു. അദ്ദേഹം ഡൽഹിയിൽ എത്തിയപ്പോൾ വിദേശമന്ത്രി എസ് ജയ്‌ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി.
ജയത്തിനു പിന്നാലെ, ഇന്ത്യയുമായുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനായി നിലകൊള്ളുമെന്നും ദിസനായകെ പ്രഖ്യാപിച്ചു. ചൈനീസ് പക്ഷപാതിയെന്ന വിശേഷണം മാധ്യമങ്ങൾ ചാർത്തുന്നതിനിടെയാണ് ദിസനായകെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനസന്ദേശത്തിന് മറുപടിയായി ഇങ്ങനെ പ്രതികരിച്ചത്.
തമിഴ്‌വംശജർക്ക് രാഷ്‌ട്രീയത്തിൽ സ്വയംനിർണയാവകാശം നൽകണമെന്ന് ദിസനായകെ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ട്. സിംഹളരുടെയും തമിഴരുടെയും മുസ്ലിങ്ങളുടെയും മറ്റെല്ലാ ശ്രീലങ്കക്കാരുടെയും ഐക്യമാണ് പുതിയ തുടക്കത്തിന്റെ അടിത്തറയെന്നും കരുത്തും കാഴ്‌ചപ്പാടും ഈ പങ്കാളിത്തത്തിൽ അധിഷ്‌ഠിതമാണെന്നും പ്രസിഡന്റായി ചുമതലയേറ്റശേഷം ദിസനായകെ വിശദീകരിച്ചു. വിഭാഗീയതകളുടെ പാതയിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടാത്ത ഭരണാധികാരിയെയാണ് ഇതിൽ ദൃശ്യമാകുന്നത്.
അതേസമയം, പുതിയ സർക്കാർ സാമ്പത്തികനയം പുനഃപരിശോധിക്കുന്നത് നിർണായകമാകും. അദാനി ഗ്രൂപ്പിന്റെ വൈദ്യുതോർജ പദ്ധതി കരാർ റദ്ദാക്കുമെന്ന് ദിസനായകെ വ്യക്തമാക്കിയിരുന്നു. വിദേശരാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ അഴിമതിയിൽ പങ്കാളികളാകുന്നതായും ദിസനായകെ നിരീക്ഷിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..