വാഷിങ്ടൺ > നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എഐ ഉപദേഷ്ടാവായി ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനെ തെരഞ്ഞെടുത്തു. ശ്രീറാം കൃഷ്ണനെ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സീനിയർ പോളിസി അഡ്വൈസറായി ഇന്നലെയാണ് ട്രംപ് പ്രഖ്യാപിച്ചത്.
രാജ്യത്തെ സർക്കാർ മേഖലകളിലുടനീളം എഐ നയം രൂപപ്പെടുത്താനും ഏകോപിപ്പിക്കാനും ശ്രീറാം നിർണായക പങ്ക് വഹിക്കുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. വൈറ്റ് ഹൗസ് എഐ, ക്രിപ്റ്റോ കറൻസി പോളിസി വകുപ്പിൽ നിയമിതനായ ഡേവിഡ് ഒ സാക്സിനൊപ്പമാകും ശ്രീറാം പ്രവർത്തിക്കുക. ഇന്ത്യൻ അമേരിക്കൻ സംരംഭകനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റും എഴുത്തുകാരനുമാണ് ശ്രീറാം കൃഷ്ണൻ.
ശ്രീറാം ചെന്നൈ സ്വദേശിയാണ്. കാഞ്ചീപുരത്തെ കാട്ടാങ്കുളത്തൂരിലുള്ള എസ്ആർഎം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിടെക് പൂർത്തിയാക്കി. 2005-ൽ 21ാം വയസ്സിൽ അദ്ദേഹം യുഎസിലേക്ക് താമസം മാറി. മൈക്രോസോഫ്റ്റ്, ട്വിറ്റർ, യാഹൂ, ഫേസ്ബുക്ക്, സ്നാപ്പ് എന്നിവയിൽ മുമ്പ് ശ്രീറാം പ്രവർത്തിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..